പൊളിച്ചുമാറ്റണം ആളൊഴിഞ്ഞ ഈ വിടുകള്‍; ലഹരി മാഫിയയുടെ പിടിയില്‍ കരുവന്നൂര്‍ ചേലകടവ് പ്രദേശം
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന കരുവന്നൂര്‍ പുറമ്പോക്കിലെ വീടുകളും പരിസരവും സാമൂഹ്യ ദ്രോഹികളും ലഹരിമാഫിയ സംഘങ്ങളും സുരക്ഷിത താവളമാക്കുന്നതായി പരാതി. കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിനു മുമ്പിലൂടെ കരുവന്നൂര്‍ പുഴയോരത്തേക്കു പോകുന്ന ചേലകടവ് പ്രദേശത്താണ് ലഹരിമാഫിയ സംഘങ്ങള്‍ കൂടുതലായി തമ്പടിച്ചിരിക്കുന്നത്.
ഇവിടത്തെ പുറമ്പോക്കിലെ ആളൊഴിഞ്ഞ വീടുകളാണ് ഇക്കൂട്ടരുടെ വിഹാര താവളം. ആറു വീടുകളാണ് ഇവിടെ പുറമ്പോക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണമൊഴികെ മറ്റു അഞ്ചു കുടിലുകളിലെയും താമസക്കാരായ വീട്ടുക്കാര് ലൈഫ് പദ്ധതിപ്രകാരം മാറി താമസിച്ചു. ശേഷിക്കുന്ന ഒരു വീട്ടില്‍ മാത്രമാണ് ഇപ്പോള്‍ താമസമുള്ളത്. ഈ വീടുകള്‍ക്കു സമീപത്തോട് ചേര്‍ന്ന് പോകുന്ന റോഡ് എത്തിചേരുന്നത് കരുവന്നൂര്‍ പുഴയോരത്തേക്കാണ്.
ഈ പുഴയോരവും റോഡിനു മറു വശത്തുള്ള ആളൊഴിഞ്ഞ പറമ്പുകളിലും ഇക്കൂട്ടര്‍ പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെ തമ്പടിക്കാറുണ്ട്. അതിനാല്‍ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ പലര്‍ക്കും ഭീതിയാണ്. ഈ പ്രദേശത്തെ ഒരുവീട്ടിലെ രണ്ടുപേര്‍ ചേര്‍ന്നാണ് ലഹരിമരുന്നു കച്ചവടം തകൃതിയായി നടത്തുന്നതായി പരാതിയുള്ളത്. ദൂര സ്ഥലങ്ങളില്‍ നിന്നും പോലും ലഹരിവസ്തുക്കള്‍ വാങ്ങുവാന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ളവര്‍ എത്താറുണ്ട്.
ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ വീടുകളിലാണ് സമയം ചിലവിടുക. പുറമേ നിന്നും പൂട്ടിയ വീടുകളുടെ ഓടുകളും ഷീറ്റുകളും ഇളക്കിമാറ്റിയാണ് ആദ്യം ഇക്കൂട്ടര്‍ അകത്തു കടന്നത്. മുമ്പ് സന്ധ്യ മയങ്ങിയാല്‍ ഉണ്ടായിരുന്ന ഇവരുടെ ശല്യം ഇപ്പോള്‍ പകല്‍ സമയത്തും കൂടുതലായിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയാല് പോലീസ് എത്തുന്നതിനു മുമ്പേ ഇക്കൂട്ടര്‍ സ്ഥലം വിടുകയാണ് പതിവ്.
ആളൊഴിഞ്ഞ വീടുകളില്‍ മാരാകായുധങ്ങളുടെ ശേഖരവും ഉണ്ടെന്നാണ് നാട്ടുക്കാര് പറയുന്നത്. പോലീസില്‍ വിവരം അറിയിച്ചതിന് സമീപവാസികള്ക്കതിരെ ഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട് എത്രയും പെട്ടന്ന് ഇവിടത്തെ പുറമ്പോക്കിലെ ആളൊഴിഞ്ഞ വീടുകള്‍ പൊളിച്ചുനീക്കണമെന്നും പോലീസിന്റെ നീരീക്ഷണം മണിക്കൂറും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജാഗ്രത വേണം
കരുവന്നൂര്‍ മൂര്‍ക്കനാട്, മാപ്രാണം മേഖലകളില്‍ പോലീസിന്റെയും എക്സൈസ് സംഘത്തിന്റെ പ്രത്യേക നീരീക്ഷണം ശക്തമാക്കണം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാ സംഘത്തിന്റെ പകപോക്കലില്‍ രണ്ടു പേരുടെ ജീവന് നഷ്ടപ്പെട്ടതിലെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഈ കേസില്‍ മുഖ്യ പ്രതികള്‍ മൂര്‍ക്കനാട് പ്രദേശത്തുള്ളവര്‍ തന്നെയായിരുന്നു.
ഒരുമാസം മുമ്പ് പട്ടാപകല്‍ വീടുകയറി വൃദ്ധയെയും യുവതിയായ മകളെയും മരുമകനെയും ഇവരുടെ പിഞ്ചു കുഞ്ഞിനെയും വടിവാള്‍ വീശി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയെയും ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മാപ്രാണത്തെ ഹോട്ടലുകളില്‍ കയറി അക്രമം അഴിച്ചവിട്ട സംഘത്തെയും ഇതുവരെയും പിടികൂടാനായിട്ടില്ല. ഈ കൃത്യങ്ങളെല്ലാം നടന്നിരിക്കുന്നത് ലഹരിക്കടിമയായവരാണെന്നുള്ളതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
ഉടന്‍ പൊളിച്ചുമാറ്റും, സുജ സഞ്ജീവ് കുമാര്‍ (നഗരസഭ ചെയര്‍പേഴ്സണ്‍)
പുറമ്പോക്കിലെ ആളൊഴിഞ്ഞ വീടുകള്‍ നദരസഭ ഉടന്പൊളിച്ചുമാറ്റും. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വീടുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചീട്ടുണ്ട്. നഗരസഭയുടെ എന്‍ജിനീയറിംഗ് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമസഭ യോഗത്തിലും വീടുകള്‍ പൊളിച്ചു നീക്കുവാന്‍ തീരുമാനമെടുത്തിരുന്നു.