ചന്തക്കുന്ന് റോഡിൽ നവീകരിച്ച ഭാഗത്ത് കുഴി
ഇരിങ്ങാലക്കുട: 25 ലക്ഷം രൂപ ഉപയോഗിച്ച് ടൈലിട്ട് നവീകരിച്ച ഇരിങ്ങാലക്കുട ചന്തക്കുന്ന് റോഡിൽ ആഴ്ചകൾക്കകം കുഴിയായി. ഏറെ തിരക്കേറിയ ചന്തക്കുന്ന് ജംഗ്ഷൻ റോഡ് തകർന്ന് കുഴിയായി അപകടങ്ങൾ പതിവാകുകയും പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തതിനെ തുടർന്നാണു പൊതുമരാമത്തുവകുപ്പ് 25 ലക്ഷം രൂപ ചെലവഴിച്ച് 60 മീറ്റർ ടൈൽ വിരിക്കുകയും റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ, നിർമാണം പൂർത്തിയായി ആഴ്ചകൾ പിന്നിടുമ്പോൾത്തന്നെ റോഡിന്റെ ഒരുവശം താഴ്ന്നു കുഴിയാവുകയും കോൺക്രീറ്റ് തകരുകയും ചെയ്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ കോൺക്രീറ്റനടിയിൽ മാൻഹോൾ ഉൾപ്പെട്ടതാണു കുഴിയാൻ കാരണമെന്നും തകരാറ് പരിഹരിക്കുമെന്നും പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കി.