അപകട വഴി………, സംരക്ഷണഭിത്തിയില്ലാതെ പടിയൂര്‍ കെട്ടുചിറ റോഡ്
പടിയൂര്‍: അപകടങ്ങള്‍ക്കു വഴിയൊരുക്കി റോഡ്. കെട്ടുചിറ റോഡില്‍ സ്ലൂയിസ് കനാലിനു സമീപമുള്ള ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതാണു അപകട ഭീഷണിയാകുന്നത്. അരിപ്പാലം, വളവനങ്ങാടി ഭാഗത്തു നിന്നും ബ്രാലം, എസ്എന്‍ പുരം ഭാഗത്തേക്കു എളുപ്പം കടന്നുപോകാന്‍ കഴിയുന്നവഴിയാണിത്. റോഡിന്റെ ഇരുവശത്തും കാടുകയറിയ അവസ്ഥയിലാണ്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും കയര്കെട്ടുക മാത്രമാണ് മുന്നറിയിപ്പായി അധികൃതര്‍ ചെയ്തിരിക്കുന്നത്. റോഡിലെ വീതി കുറവും പ്രദേശത്ത് വഴിവിളക്കില്ലാത്തതും രാത്രികാലങ്ങളില്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കു അപകടഭീഷണി ഉയര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ കയര്‍ കെട്ടിവെച്ചിരിക്കുന്നതു അധികം ആരും ശ്രദ്ധിക്കില്ല. മാത്രമല്ല, രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ കോഴി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഈ ഭാഗത്തു തള്ളുന്നതും പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ഈ ഭാഗം വീതി കൂട്ടി സംരക്ഷണഭിത്തി കെട്ടി അപകടഭീഷണി ഒഴിവാക്കണമെന്നാണു നാട്ടുക്കാരുടെ ആവശ്യം. അതേസമയം സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനു പദ്ധതിക്കു പ്രെപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിനേയും പടിയൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കെട്ടുചിറയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിച്ചത്. 2015-16 വര്‍ഷത്തില്‍ ഇതില്‍ ഷട്ടറുകള്‍ സ്ഥാപിച്ചു. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് വീതി കൂട്ടി കരിങ്കല്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പടിയൂര്‍ പഞ്ചായത്തിന്റെ പ്രദേശത്തുള്ള ഭാഗത്ത് വീതി കൂട്ടുകയോ കരിങ്കല്‍ ഭിത്തി കെട്ടുകയോ ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് പുതുതായി വീതി കൂട്ടി റോഡ് ടാറിടല്‍ നടത്തിയതോടെ വീതി കുറഞ്ഞ ഈ ഭാഗത്ത് കനാലിനോടു ചേര്‍ത്ത് ടാര്‍ ഇട്ടിട്ടുമുണ്ട്. കെട്ടുചിറ റോഡിന്റെ ഇരുവശത്തുമുള്ള കാടുവെട്ടി തെളിച്ച് വീതി കൂട്ടി കെട്ടി സംരക്ഷിക്കുന്നതോടൊപ്പം സ്ട്രീറ്റ് ലൈറ്റുകളും കാമറകളും സ്ഥാപിക്കണം. കാടുകയറി കിടക്കുന്നതിനാലും വെളിച്ചമില്ലാത്തതിനാലും രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ ഇവിടെ മാലിന്യം കൊണ്ടുതള്ളുകയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ ഏറെ സാധ്യതയുള്ള തരത്തിലാണു കെട്ടുചിറ റോഡ് നില്‍ക്കുന്നത്. താത്കാലികമായി ഇരുവശത്തും കയറുവലിച്ചു കെട്ടിയതു ശാശ്വതമല്ല. അതിനാല്‍ യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന കെട്ടുചിറ റോഡിന്റെ അരികുകള്‍ വീതി കൂട്ടി സംരക്ഷണ ഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കണം. പാലത്തിലും റോഡിലും വൈദ്യുതി ലൈറ്റ് സ്ഥാപിക്കണം. ഇക്കാര്യത്തില്‍ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണം.