തകര്‍ന്ന തടയണയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായില്ല, കര്‍ഷകര്‍ പ്രതിസന്ധിയില്‍……
ക്ലീനാക്കാന് ഒരുങ്ങി കെഎല്‍ഡിസി കനാല്‍, തകര്‍ന്ന തടയണയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായില്ല, കര്‍ഷകര്‍ പ്രതിസന്ധിയില്‍……
ഇരിങ്ങാലക്കുട: കെഎല്‍ഡിസി കനാല്‍ ചെളി നീക്കം ചെയ്ത് വൃത്തിയാക്കാന്‍ ഒരുങ്ങിയെങ്കിലും തകര്‍ന്ന തടയണയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കല്‍ നടപടിയായില്ല. പായലും കുളവാഴകളും മാലിന്യവും ചെളിയും നിറഞ്ഞു കിടന്നിരുന്ന കെഎല്‍ഡിസി കനാലിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോന്തിപുലം പാലം മുതല്‍ മുത്രത്തിക്കര പാലം വരെയുള്ള കനാലിലെ അഞ്ചു കിലോമീറ്റര്‍ ദൂരമാണു ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കനാലിലെ നീരൊഴുക്കിനു തടസമായതെല്ലാം നീക്കി കനാലിന്റെ ആഴം കൂട്ടുന്നതോടൊപ്പം നീരൊഴുക്കു സുഗമമാക്കുക, ചെളിയും മറ്റും ബണ്ടിന്റെ ഇരു വശങ്ങളിലും ഇട്ട് ബണ്ട് ബലപ്പെടുത്തുക എന്നിവയാണു ഇതിന്റെ ലക്ഷ്യം. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെഎല്‍ഡിസി കനാലില്‍ നിര്‍മിച്ച തടയണ തകര്‍ന്നിട്ട് 17 ദിവസമായിട്ടും പുനര്‍നിര്‍മാണം പൂര്‍ത്തിയാകാത്തതോടെ മുരിയാട് കോളിലെ 4500 ഏക്കര്‍ കൃഷി വെള്ളം കിട്ടാതെ നാശത്തിന്റെ വക്കില്‍. കോന്തിപുലം പാലത്തിനു സമീപം മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച താത്കാലിക തടയണയാണു പൊട്ടിയത്. വെള്ളം ലഭിക്കാതായതോടെ പാടശേഖരങ്ങള്‍ വിണ്ടുകീറിത്തുടങ്ങി. കനാലിലും വെള്ളം താഴ്ന്നു. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണു തടയണ നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലായുള്ള കോള്‍പ്പാടങ്ങള്‍ക്കു വെള്ളം ലഭിക്കുന്നതു ഈ തടയണ മൂലമാണ്. ഈ മാസം എട്ടിനു ശക്തമായ മഴയില്‍ വെള്ളം കയറി തടയണയുടെ ഒരുഭാഗം തള്ളിപ്പോകുകയായിരുന്നു. അടിയന്തിരമായി തടയണ പുനര്‍നിര്‍മിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. തോടുകള്‍ ആഴംകൂട്ടാനും ചണ്ടിമാറ്റുന്നതിനുമായി യന്ത്രങ്ങളെത്തിച്ചെങ്കിലും വെള്ളമില്ലാതായതോടെ പണി നിര്‍ത്തിവെച്ചു. അധികജലം ഒഴുകിപ്പോകാനുള്ള സൗകര്യത്തിന്റെ അപര്യാപ്തതയാണു തടയണ തള്ളിപ്പോകാന്‍ കാരണമെന്നു കര്‍ഷകര്‍ ആരോപിച്ചു. തടയണ നിര്‍മിക്കുമ്പോള്‍ ഇരുവശത്തും പനമ്പ് കെട്ടണമെന്നാണു കരാര്‍. എന്നാല്‍ അങ്ങനെ ചെയ്യാതെ തകരഷീറ്റ് വെച്ചാണു തടയണ കെട്ടുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടുതവണയും അതിനു മുന്‍വര്‍ഷം ഒരു തവണയും ഇവിടെ നിര്‍മിച്ചിരുന്ന തടയണകള്‍ തകര്‍ന്നിരുന്നു. താത്കാലിക തടയണ മാറ്റി സ്ഥിരം സംവിധാനം ഒരുക്കണം, പ്രളയത്തില്‍ മണ്ണടിഞ്ഞ് ആഴംകുറഞ്ഞ ബണ്ട് തോടിന്റെയും ഉള്ത്തോടുകളുടെയും ആഴം കൂട്ടണം, പാറതോടില് രണ്ടു പമ്പുസെറ്റുകള്‍ പുനസ്ഥാപിച്ച് സ്ഥിരം വെള്ളം എത്തിക്കുന്ന സംവിധാനം ഒരുക്കണം, ബണ്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോര്‍ ഷെഡുകള്‍ ഉയര്‍ത്തി സ്ഥാപിക്കണം ഇവയാണു കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. തടയണ അടിയന്തിരമായി പുനസ്ഥാപിച്ചാലേ കൃഷി ഉണങ്ങാതിരിക്കുള്ളൂവെന്നു മുരിയാട് കായല്‍ തെക്കേപ്പാടം കോള്‍ കര്‍ഷകസമിതി സെക്രട്ടറി നിഷ അജയകുമാര്‍ പറഞ്ഞു. തടയണ പുനര്‍നിര്‍മിച്ച് വെള്ളം സംഭരിക്കുന്നതോടൊപ്പം തന്നെ സ്ഥിരം സംവിധാനത്തിനുള്ള ജോലി കൂടി ആരംഭിച്ചാല്‍ മഴക്കാലത്തിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥിരം സംവിധാനം വരുകയാണെങ്കില്‍ പല പാടശേഖരങ്ങള്‍ക്കും ഇരുപ്പൂകൃഷി ചെയ്യാന്‍ കഴിയും.
.