100 ശതമാനം മാര്‍ക്ക് നേടി ഹരിത ഓഫീസ് പുരസ്ക്കാരം കരസ്ഥമാക്കി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: 100 ശതമാനം മാര്‍ക്ക് നേടി ഹരിത ഓഫീസ് പുരസ്കാരം കരസ്ഥമാക്കി ഇരിങ്ങാലക്കുട നഗരസഭ. സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്ന ചടങ്ങും ക്ലീന്‍ കേരള കമ്പനി ഹരിത കര്‍മ സേനകള്‍ക്കു ചെക്കുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വെച്ച് അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്കു നല്‍കിയതിനു ഇരിങ്ങാലക്കുട നഗരസഭക്കു ലഭിച്ച തുകയുടെ ചെക്ക് ചെയര്‍പേഴ്സണ്‍ സോണിയഗിരി ഹരിത കര്‍മ സേനാംഗങ്ങള്‍ക്കു കൈമാറി. ഇരിങ്ങാലക്കുട നഗരസഭയ്ക്കു ലഭിച്ച ഹരിത ഓഫീസ് പുരസ്ക്കാരം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണിനു നല്കി. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ എല്ലാവര്ക്കും ഹരിത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപുറത്ത് അധ്യഷത വഹിച്ചു. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശുഭ പ്രസംഗിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.