മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം. ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മഴക്കാലത്തിനു മുമ്പേ നടത്തേണ്ട ശുചീകരണത്തിനായി തീവ്രപ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണു നടത്തേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. മണ്ഡലത്തിലെ തോടുകള്‍, കനാലുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയ ജലം ഒഴുകിപ്പോകുന്നതിനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം ശുചീകരിക്കണം. കൊതുക് നിര്‍മാര്‍ജനം നടത്തണമെന്നും പാതയോരങ്ങളിലും വീടുകളിലും മറ്റും നില്ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുക, പിഡബ്ല്യുഡി കാനകള്‍ വൃത്തിയാക്കുക, എംഎം കനാല്‍, ഷണ്മുഖം കനാല്‍ എന്നിവയിലെ ചണ്ടികള്‍ നീക്കം ചെയ്യുക, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുക, ഷെല്‍ട്ടര്‍ ക്യാമ്പുകള്‍ നേരത്തെ തയാറാക്കുക, മാറ്റി താമസിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുക, വളര്‍ത്തുമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, ഇലിക്കല്‍ ബണ്ട് റോഡ് നിര്‍മാണം, മുടിച്ചിറ സംരക്ഷണം, ഷണ്മുഖം കനാല്‍ വൃത്തിയാക്കല്‍ എന്നീ വിഷയങ്ങളില്‍ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാര് എന്നിവര്‍ പങ്കെടുത്തു.