വിശക്കുന്നവര്‍ക്ക് പൊതിച്ചോറ് പദ്ധതി തുടര്‍ന്ന് ഊട്ടുപുര
ഇരിങ്ങാലക്കുട: പ്രദേശത്ത് ഭാഗിക ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ വിശക്കുന്നവര്‍ക്ക് പൊതിചോറ് പദ്ധതി തുടരാന്‍ തീരുമാനം. കൂടല്‍മാണിക്യം ഊട്ടുപുരയില്‍ ലോക്ഡൗണ്‍ കാലത്ത് ക്ഷേത്രജീവനക്കാരും ഭക്തരും നാട്ടുകാരും ഇരിങ്ങാലക്കുട എംഎല്‍എ ഹെല്‍പ്പ് ലൈനുമായി സഹകരിച്ചാണ് ദിവസേന 400 പൊതിഭക്ഷണം ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
സുമനസുകളുടെ സഹായം കൊണ്ടാണ് സൗജന്യ ഭക്ഷണ വിതരണം വിജയിച്ചത്. ഇരിങ്ങാലക്കുടയില്‍ ഭാഗിക ലോക്ഡൗണ്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്തും എംഎല്‍എ ഹെല്പ് ലൈന്‍ സെന്റര്‍ ആവശ്യപ്പെട്ടതനുസരിച്ചുമാണ് കൂടല്‍മാണിക്യം ക്ഷേത്രം ഊട്ടുപുരയില്‍ നിന്നുള്ള സൗജന്യ ഭക്ഷണവിതരണം ഭാഗികമായ ലോക്ഡൗണ്‍ കഴിയുന്നതുവരെ തുടരാന്‍ തീരുമാനിച്ചത്. പ്രതിദിനം 400 പൊതിച്ചോറുകളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. അരിയും പലവ്യഞ്ജനങ്ങളും ഠാണാവിലെ സംഗമേശ്വര കോംപ്ലക്സിലെ കോപ്പമാര്ട്ടില് പണമടച്ചാല്‍ ഊട്ടുപുരയില്‍ എത്തിച്ചു നല്‍കും. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഊട്ടുപുര സന്ദര്‍ശിക്കുകയും സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം സൗജന്യ ഭക്ഷണ വിതരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. മന്ത്രിയോടൊപ്പം കാലടി സര്‍വകലാശാല രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍, അധ്യാപകര്‍ എന്നിവരും ഊട്ടുപുരയില്‍ എത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.