കഥകളിയാശാന്റെ പുരസ്കാര ലബ്ധിയില്‍ ആഹ്ലാദമറിയിക്കാന് ശിഷ്യയുടെ സന്ദര്‍ശനം
ഇരിങ്ങാലക്കുട: പട്ടിക്കാംതൊടി സ്മാരക പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആശാന്റെ വീട്ടിലെത്തി അഭിനന്ദിച്ചു. ആശാന്റെ മുന്‍കാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിനു ലഭിച്ച ബഹുമതിയിലുള്ള തന്റെ അഭിമാനവും ആഹ്ലാദവും മന്ത്രി കൂടിക്കാഴ്ചയില്‍ പങ്കിട്ടു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലക്കു മാറ്റുകൂട്ടി ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്കു പ്രചോദിപ്പിച്ചാനയിച്ച ആശാന് കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിധ്യമാണെന്നു മന്ത്രി പറഞ്ഞു. ‘ജീവിതഗന്ധിയായ തനതുശൈലിയില്‍, നൈസര്‍ഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവന്‍ കലക്കു വേണ്ടി സമര്പ്പിതചേതസായി പ്രവര്‍ത്തിച്ച ഗുരുനാഥനാണ് ആശാനെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ‘നളചരിതത്തിലെ ഹംസം, കാട്ടാളന്, ലവണാസുരവധത്തിലെ ഹനുമാന്, കുചേലവൃത്തത്തിലെ കുചേലന്, സന്താനഗോപാലത്തിലെ ബ്രാഹ്മണന് തുടങ്ങിയ കഥാപാത്രങ്ങള്‍ അനുപമമായ ശൈലിയില്‍ രാഘവനാശാന് അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ ജീവന് വെച്ചു വരുന്നതു പോലെയാണ് തോന്നുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.