കാട്ടൂരിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ നടപടി സ്ഥീകരിക്കണം- ജനകീയ സമിതി
കാട്ടൂര്‍: രണ്ടോ മൂന്നോ മഴ പെയ്യുമ്പോഴേക്കും രൂക്ഷമാകുന്ന വെള്ളകെട്ടിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ജനകീയ സമിതി ആവശ്യപ്പെട്ടു. മഴവെള്ളക്കെട്ടിന്റെ ഏറ്റവും കൂടുതല്‍ നഷ്ടങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടി വരുന്നത് കാട്ടൂര്‍ മാര്‍ക്കറ്റും ചെമ്പന്‍ചാല്‍, മാങ്കുറ്റിത്തറ, വലക്കഴ, കൈതത്തറ, കടുപ്പംതറ, തൊപ്പിത്തറ, പറയന്‍കടവ്, പൊട്ടക്കടവ് പാലം, അയ്യങ്കാളി റോഡ് കിഴക്കു പടിഞ്ഞാറു ഭാഗം, മനപ്പടി വെസ്റ്റ് ഭാഗം, അടങ്ങുന്ന 13, 14 വാര്‍ഡുകളാണ്. സാധാരണക്കാരും ദിവസക്കൂലിക്കു ജോലി ചെയ്യുന്നവരുമായ പട്ടികജാതി വിഭാഗത്തിലെ ആളുകളാണ് ഇവരില്‍ ഭൂരിഭാഗവും. ചെറിയ വീടുകളില്‍ വെള്ളം കയറി സാധന സാമഗ്രികളെല്ലാം നശിച്ചു കൊണ്ടിരിക്കുന്നു. വെള്ളക്കെട്ടു കാരണം കക്കൂസിലെ മാലിന്യം പടര്ന്നൊഴുകുന്നതു കൊണ്ടു കുടിവെള്ളത്തിനു പോലും ബുദ്ധിമുട്ടാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം പലരും ചര്‍മ്മ രോഗബാധിതരാണ്. കൊറോണ കാലഘട്ടത്തില്‍ വൃദ്ധരുമായ മാതാപിതാക്കളും കുട്ടികളുമായും ദുരിതാശ്വാസ ക്യാമ്പിലേക്കു പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. പുഴയുടെ ആഴം കൂട്ടുകയും കാട്ടൂരില്‍ വെള്ളമൊഴുകി പോകാറുള്ള നീര്‍ച്ചാലുകള്‍ കണ്ടെത്തുകയും അടഞ്ഞു പോയ നീര്‍ച്ചാലുകള്‍ തുറക്കുകയും ആവശ്യമാണെങ്കില്‍ പുതിയ നീര്‍ച്ചാലുകള്‍ ഉണ്ടാക്കുകയും ചെയ്താല്‍ മഴവെള്ളത്തെ ഒഴുക്കി കളയാനാകുമെന്ന് ഉന്നത ഉദ്യോഗസ്ഥന്മാരും അനുഭവസ്ഥരായ മുതിര്‍ന്നവരും അഭിപ്രായപ്പെടുന്നു. കാട്ടൂരിലെ ജനകീയ സമിതി തൃശൂര്‍ ജില്ലാ കലക്ടര്‍ അവര്‍കളെ അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘുവിനും നേതൃത്വത്തില്‍ കാണുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയുമുണ്ടായി. മന്ത്രിമാരായ എ.സി. മൊയ്തീന്, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തിലും ജനകീയ സമിതി അപേക്ഷകള്‍ നല്‍കുകയും മുകുന്ദപുരം താലൂക്കില്‍ നിന്നും സ്ഥലം അളവിനായി വരികയും ഉണ്ടായി. കഴിഞ്ഞ രണ്ടു പ്രളയത്തിലെ ദുരന്ത പാഠങ്ങള്‍ വിലയിരുത്തി വളരെ പ്രധാനപ്പെട്ട ഇക്കാര്യങ്ങളില്‍ കൃത്യവും വിവേകമുള്ളതുമായ നിലപാടുകള്‍ പ്രാവര്‍ത്തികമാക്കി യുദ്ധകാല അടിസ്ഥാനത്തില്‍ വെള്ളക്കെട്ടു പ്രതിസന്ധികള്‍ പരിഹരിക്കുവാനായി എത്രയും വേഗം സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ജനകീയ സമിതി പ്രസിഡന്റ് ഫ്രാന്‍സീസ് അസീസി, കോ-ഓര്‍ഡിനേറ്റര്‍ പ്രകാശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.