ദ്രോണാചാര്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അത്ലറ്റിക് ടീമിന്റെ പരിശീലകന് ടി.പി. ഔസേപ്പിന്
ഇരിങ്ങാലക്കുട: നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോള്‍ ക്രൈസ്റ്റ് കോളജ് അത്ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേപ്പ് മാസ്റ്റര്‍ക്കു നിറഞ്ഞ അഭിമാനം. യാതൊരു കായിക സംഘടനകളുടെയും ശുപാര്‍ശയില്ലാതെ നേരിട്ട് അപേക്ഷ സമര്പ്പിച്ചതിലൂടെയാണു ടി.പി. ഔസേപ്പിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഓണ്‍ലൈനായും ഓഫ്ലൈനായും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അത്ലറ്റിക് താരങ്ങള്‍ക്കു പരിശീലനം നല്കി വരികയാണ് ഔസേപ്പ് മാസ്റ്റര്‍.
‘അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്കു മാത്രമല്ല, ഇടയ്ക്കു താഴേയ്ക്കു നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള് കടന്നുചെല്ലണം’ ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം. 15 വര്‍ഷത്തെ അത്ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75 ക്കാരനുണ്ട്. പെരുമ്പാവൂര്‍ എംജിഎം ഹൈസ്കൂള്‍, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964 ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോംഗ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംപിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ അത്ലറ്റിക്സില് ഡിപ്ലോമയും നേടി 1981 ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജിവി രാജ സ്കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്.എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്കു വഴിയൊരുക്കുന്നത് ജിവി രാജയില്‍ ചെലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ. തൃശൂര്‍ വിമല കോളജില്‍ 1986 ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴു വര്‍ഷങ്ങളില്‍ നിരവധി അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്കു സാക്ഷിയായി. ലോംഗ് ജംപില്‍ അഞ്ചു ബോബി ജോര്‍ജിനെയും ഹൈ ജംപില്‍ ബോബി അലോഷ്യസിനെയും ഒരുക്കിയത് അദ്ദേഹമാണ്. ലേഖ തോമസ്, എസ്. മുരളി, ജിന്‍സി ഫിലിപ്പ് എന്നിവരുള്‍പ്പെടെ രാജ്യാന്തര തലത്തില്‍ മെഡല്‍ നേടിയ ശിഷ്യരുടെ നീണ്ടനിര തന്നെ അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ 75-ാം വയസിലും ട്രാക്കില്‍ സജീവമാണ്. ട്രിപ്പിള്‍ ജംപിലെയും ലോംഗ് ജംപിലെയും ദേശീയ ജൂണിയര്‍ ചാമ്പ്യന്‍സ് സാന്ദ്ര ബാബുവിന്റെ പരിശീലകനും ഔസേപ്പാണ്. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001 ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ കോളജിലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എംഎ കോളജ് സ്പോര്‍ട്സ് അക്കാദമിയിലും പരിശീലകനായി വേഷമണിഞ്ഞു. 2019 ല്‍ ക്രൈസ്റ്റ് കോളജിലെത്തിയ ഔസേപ്പ് മാസ്റ്റര്‍ സച്ചു ജോര്‍ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്ട്ര ബേബി, സെബാസ്റ്റിയന് ഷിബു എന്നീ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കു ലോംഗ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024 ലെ ഒളിംപിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം. ”അമിതമായ രാഷ്ട്രീയ വത്ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിനു വിനയായി മാറുന്നത്. കായിക താരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരൂ” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 ക്കാരന്റെ വാക്കുകളുടെ മൂര്‍ച്ചക്കു കുറവില്ല. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഈ വളര്ച്ച്ക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ-ഗ്രേസി. മക്കള്‍-ബോബി ജോസ്, ടീന ജോസ്, ടെസി ജോസ്.
ക്രൈസ്റ്റിന്റെ അഭിമാനം ഉയര്‍ത്തി- റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ (പ്രിന്‍സിപ്പല്‍)
ഈ അംഗീകാരം ക്രൈസ്റ്റ് കോളജിന്റെ അഭിമാനം ഉയര്‍ത്തിയെന്നു കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പറഞ്ഞു. വളരെ സന്തോഷത്തിലാണ് ക്രൈസ്റ്റ് കലാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും. കായികരംഗത്തെ മികവ് ഉയര്‍ത്തി കാണിക്കുന്നതാണ് ഈ ബഹുമതി. അവാര്‍ഡ് ലഭിച്ച ശേഷം കോളജില്‍ വിപുലമായ സ്വീകരണം നല്‍കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒളിംപിക്സില്‍ ഇന്ത്യക്കുവേണ്ടി ക്രൈസ്റ്റിലെ താരങ്ങളും പങ്കെടുക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.
ദ്രോണാചാര്യന് ടി.പി. ഔസേഫിന് ക്രൈസ്റ്റ് കോളജിന്റെ ആദരം
ഇരിങ്ങാലക്കുട: രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കിയ ടി.പി. ഔസേപ്പിനെ ക്രൈസ്റ്റ് കോളജ് ആദരിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളിയും പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. രണ്ടു വര്‍ഷമായി ക്രൈസ്റ്റ് കോളജ് അത്ലറ്റിക് ടീമിന്റെ പരിശീലകനാണ് ടി.പി. ഔസേഫ്. ഒളിംപ്യന്മാരും ഇന്റര്‍നാഷണല്‍ താരങ്ങളും അടങ്ങിയ വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. ക്രൈസ്റ്റ് കോളജ് അത്ലറ്റിക് സ്റ്റേഡിയത്തില്‍ ക്രൈസ്റ്റ് കോളജിലെ കായിക താരങ്ങളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളജ് വൈസ് പ്രിസിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, പിആര്‍ഒ ഫാ. സിബി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.