കുടിവെള്ള വിതരണ പൈപ്പുകള്‍പൊട്ടി; റോഡുകള്‍ തകര്‍ന്നു
പ്രതിഷേധവുമായി റോഡില്‍ വാഴ നട്ടു
ഇരിങ്ങാലക്കുട: മൂന്നുപീടിക ഇരിങ്ങാലക്കുട ദേശീയ പാതില് ചേലൂര്‍ പൂച്ചക്കുളം ഭാഗത്ത് റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. കോടികള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ ഇടക്കിടെ പൊട്ടുന്നതാണു റോഡ് തകരാന്‍ കാരണമായത്. പൈപ്പുകളുടെ ഗുണനിലവാര കുറവാണു പൊട്ടലിനു കാരണമായി പറയുന്നത്. അധികൃതരെത്തി ചോര്‍ച്ച അടക്കുമെങ്കിലും റോഡിലെ ടാറിംഗ് ഇളക്കി മാറ്റിയതോടെ മഴപെയ്താല്‍ വീണ്ടും വെള്ളം കെട്ടി നില്ക്കും. ഇതുമൂലം നിരവധി പേരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടുണ്ട്. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം ഇതിലെ വന്ന സൈക്കിള്‍ യാത്രികന് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ പുറകില്‍ വന്ന ബൈക്ക് യാത്രികന് സൈക്കിളിലിടിച്ചു അപകടം സംഭവിക്കുകയുണ്ടായി. ഈ റോഡില്‍ അപ്പോഴുണ്ടായിരുന്ന മറ്റു വാഹനങ്ങള്‍ വേഗത കുറച്ചു നിര്‍ത്തിയതു കൊണ്ടു മാത്രം കൂടുതല്‍ അപകടങ്ങളൊന്നും ഇല്ലാതെ ബൈക്ക് യാത്രികന് രക്ഷപ്പെട്ടു. എത്രയും വേഗം റോഡ് ശരിയാകണമെന്നും റോഡിന്റെ വളവു നിവര്‍ത്തി അപകടഭീഷണി ഒഴിവാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡില്‍ വാഴനട്ടു.