വിടപറഞ്ഞത് ഇരിങ്ങാലക്കുടയുടെ ക്രൈസ്തവ ചരിത്രകാരന്
ഇരിങ്ങാലക്കുട: മണ്മറഞ്ഞത് ഇരിങ്ങാലക്കുടയിലെ ക്രിസ്ത്രീയ ചരിത്രവും പാരമ്പര്യവും രേഖപ്പെടുത്തിയ എഴുത്തുകാരന്. പ്രഗത്ഭനായ അധ്യാപകനും സാഹിത്യകാരനുമായിരുന്ന അദ്ദേഹം സെന്റ് തോമസ് കത്തീഡ്രലിന്റെയും കിഴക്കേ പള്ളിയുടെയും ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ സമൂഹത്തിന്റെയും ചരിത്രം വരും തലമുറയ്ക്കായി പുസ്തകരൂപത്തില്‍ രേഖപ്പെടുത്തിവച്ചു. 1954 ല്‍ സെന്റ് മേരീസ് (ഇപ്പോഴത്തെ നിത്യാരാധന കേന്ദ്രം) പള്ളിവികാരിയായിരുന്ന ഫാ. പൗലോസ് അമ്പൂക്കന് സെന്റ് മേരീസ് പള്ളിയുടെ ചരിത്രമെഴുതുവാന്‍ തുടങ്ങി. പള്ളിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന ഇരു ഇടവകകളിലുംപെട്ട പ്രായം ചെന്നവരെ സമീപിച്ച് ഇരു പള്ളികളുടെയും പൂര്‍വകാലചരിത്രം സംബന്ധിച്ച് അവര്‍ക്കറിയാമായിരുന്ന കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി കുറിച്ചുവെച്ചു. ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന പള്ളിയുടെ പൂര്വകാലചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് 2002 ല്‍ കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. ജോസ് ഇരിമ്പന്‍ ആവശ്യപ്പെട്ടപ്പോള്‍ റപ്പായി മാസ്റ്റര്‍ ചരിത്ര പുസ്തകമെഴുത്തിന് തുടക്കമിട്ടത്. 1929 ല്‍ ഇരിങ്ങാലക്കുട തെക്കേത്തല അന്തോണിയുടെയും അന്നത്തിന്റെയും മകനായി ജനിച്ചു. ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂള്‍, തൃശൂര്‍ ബിഎഡ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1954 ല്‍ സെന്റ് മേരീസ് യുപി സ്കൂളില്‍ മലയാളം അധ്യാപകനായി അധ്യാപനജീവിതം ആരംഭിച്ചു. തുടര്‍ന്ന് അമ്മാടം ഹൈസ്കൂള്‍, മൂര്‍ക്കനാട് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1985 കല്പറമ്പ് ഹൈസ്കൂളില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് ചാലക്കുടി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ നാല് വര്‍ഷം ജോലി ചെയ്തു. കവിതയും ഗദ്യവും ധാരാളം എഴുതാറുണ്ട്. ‘ഒരു വിനോദയാത്ര’ (യാത്രാവിവരണം) യ്ക്ക് നാഷണല്‍ ബുക്സ് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് മേരീസ് പള്ളി ചരിത്രം, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി ചരിത്രം, മോണ്സിലാഞ്ഞോര് സക്കറിയാസ് വാഴപ്പിള്ളി ചരിത്രം, സ്നേഹദൂതന്‍, വിശുദ്ധ കുര്‍ബാന: അടയാളങ്ങളും പ്രതീകങ്ങളും, പരിശുദ്ധകന്യകാമറിയത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍, ദൈവവചനം പ്രസംഗപീഠത്തില്‍ അനുദിനസുവിശേഷചിന്തകള്, ഇരിങ്ങാലക്കുട ചരിത്രം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സഹനത്തിന്റെ സുകൃതപുഷ്പം കൂട്ടുകൃതിയാണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനാംഗമായിരുന്നു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: കൊച്ചുമറിയം. മക്കള്‍: ആനി, റോസിലി, ആന്റണി. മരുമക്ക ള്‍: സൈമണ്‍, ജോസ്, ബിന.