കഥകള്‍ കൊങ്കണി ഭാഷയെയും സംസ്കാരത്തെയും പകര്‍ത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍: വി. കൃഷ്ണവാദ്ധ്യാര്‍
ഇരിങ്ങാലക്കുട: അന്യം നിന്നു പോയേക്കാവുന്ന കൊങ്കണി ഭാഷയെയും സംസ്കാരത്തെയും നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള വരും തലമുറയ്ക്കായി പകര്‍ന്നു വയ്ക്കാനുള്ള ശ്രമങ്ങളാണു തന്റെ രചനകള്‍ എന്നു കൊങ്കണി ബാലസാഹിത്യത്തില്‍ കേന്ദ്ര അക്കാദമി അവാര്‍ഡ് ജേതാവായ വി. കൃഷ്ണവാദ്ധ്യാര്‍ പറഞ്ഞു. ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി നടത്തിയ അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊങ്കണി ഭാഷയില്‍ എഴുതപ്പെട്ടവയും കൊങ്കണി സംസ്കാരത്തെ പ്രതിപാദിക്കുന്നവയുമായ എഴുത്തുകാര്‍ വളരെ കുറവാണ്. ഒരേ സമയം കഥകളായിരിക്കുമ്പോള്ത്തന്നെ ഒരു സംസ്കാരത്തിന്റെ ചരിത്രരേഖയായി താനടക്കമുള്ള കൊങ്കണി എഴുത്തുകാരുടെ കഥകള്‍ മാറിയേക്കാം. വിവിധ സാഹിത്യമേഖലകളില്‍ പുരസ്കാരങ്ങള്‍ നേടിയ കൃഷ്ണനുണ്ണി ജോജി, പി.എന്‍. സുനില്‍, റെജില ഷെറിന്, വി.വി. ശ്രീല, കൃഷ്ണകുമാര്‍ മാപ്രാണം എന്നിവരെ യോഗത്തില്‍ ആദരിച്ചു. സംഗമസാഹിതി പ്രസിഡന്റ് രാധാകൃഷ്ണന് വെട്ടത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന്, ഖാദര്‍ പട്ടേപ്പാടം, സനോജ് രാഘവന്, സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ പ്രസംഗിച്ചു.