കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മൃദംഗമേള ഓസ്ട്രേലിയയില്‍ അരങ്ങേറി
ഇരിങ്ങാലക്കുട: കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മൃദംഗമേള ഓസ്ട്രേലിയയില്‍ അവതരിപ്പിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ കൊരമ്പ് വിക്രമന് നമ്പൂതിരി നേതൃത്വം നല്കി. 30 ഓളം കലാകാരന്മാര് പങ്കെടുത്തു. ക്ലീന്സ്ലാന്റിലെ സെന്റ് വിന്‍സെന്റ് കെയര്‍ സംഘടനകളുടെ ഭാഗമായി നടന്ന കലാപരിപാടികള്‍, സംഘടനയുടെ ചാരിറ്റബിള്‍ ട്രസ്റ്റിലെ 120 ഓളം അന്തേവാസികള്‍ക്ക് ആവേശമായി. കൊരമ്പ് മൃദംഗകളരിയുടെ കീഴില്‍ പല വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം സാധ്യമാക്കുന്നുണ്ടെങ്കിലും നിരവധി പേര് പങ്കെടുത്ത് ഓണ്‍ലൈന്‍ വഴി വിദേശത്ത് മൃദംഗമേള അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. നാലു മുതല്‍ 15 വയസു വരെയുള്ള അനവധി യുവകലാകാരന്മാര് പങ്കെടുക്കുന്നു എന്ന മൃദംഗമേളയുടെ ആകര്‍ഷണീയത, കാണികള്‍ക്കു കൗതുകമേകി. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പല ക്ലാസുകളും ഓണ്‍ലൈന്‍ പഠന സാധ്യത കണ്ടെത്തിയപ്പോള്‍ ഈ രംഗത്ത് അനവധി വര്‍ഷങ്ങളായി കൊരമ്പ് മദംഗകളരി പ്രവര്‍ത്തിച്ചുവരുന്നു. കൊരമ്പ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കീഴില്‍ ആരംഭിച്ച മൃദംഗമേള എന്ന കലാരൂപം വിക്രമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സാധ്യതമുഖേന വിദേശ രാജ്യങ്ങളിലേക്കു കൂടി ശ്രദ്ധനേടിവരുന്നു.