കോന്തിപുലം താത്കാലിക ബണ്ടിന്റെ ശേഷിച്ചിരുന്ന ഭാഗവും പൊളിച്ചുനീക്കിയതു മന്ത്രിമാരുടെ ഇടപെടലിലൂടെ
മാടായിക്കോണം: കോന്തിപുലം പാലത്തിനുതാഴെ കെഎല്‍ഡിസി കനാലില്‍ ഇറിഗേഷന്‍ താത്കാലികമായി നിര്‍മിച്ചിരുന്ന തടയണ പൂര്‍ണമായും പൊളിച്ചുനീക്കി. പകുതി പൊളിച്ചുനീക്കിയതിനുശേഷം കനാലിലെ നീരൊഴുക്ക് ശക്തമായതിനാല്‍ ബാക്കിഭാഗം പൊളിച്ചുനീക്കാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. എന്നാല്‍ കര്‍ഷകരുടെ പരാതിയെത്തുടര്‍ന്നു സംഭവത്തില്‍ മന്ത്രിമാരായ ഡോ. ആര്. ബിന്ദു, റോഷി അഗസ്റ്റിന് എന്നിവര്‍ ഇടപെട്ട് എത്രയും വേഗം കനാലിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണു കരാറുകാരന് ജംഗാര്‍ ഉപയോഗിച്ചു ബണ്ട് പൊളിച്ചുനീക്കിയത്. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബണ്ടിന്റെ അടിയില്‍ നിന്നു വളരെ ആഴത്തില്‍ തന്നെ മണ്ണുനീക്കി. തടയണ ഒഴിവായതോടെ കെഎല്‍ഡിസി കനാലിലെ ഒഴുക്ക് ശക്തമായി. ബണ്ട് പൊട്ടിക്കാന്‍ വൈകിയതുമൂലം മുരിയാട് കോള്‍പ്പാടശേഖരത്തിലെ 100 ഏക്കറോളം നെല്‍കൃഷി നശിച്ചുപോയിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം ബണ്ടിന്റെ പകുതി തടയണ പൊളിച്ചുനീക്കിയെങ്കിലും ബാക്കിയുള്ള ഭാഗത്തു വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടുകയും മുരിയാട്, പറപ്പൂക്കര, വേളൂക്കര തുടങ്ങിയ പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട നഗരസഭയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടു ഭീഷണിയിലാകുകയും ചെയ്തിരുന്നു. കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബണ്ട് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് അവര്‍ മന്ത്രിമാരെ സമീപിച്ചത്.