അലിവിന്റെ നിറവാണ് ഹൃദയ പാലിയേറ്റീവ് കെയര്‍-ലിന്‍സി പീറ്റര്‍
ഇരിങ്ങാലക്കുട: അവശത അനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്ക് കാരുണ്യ ശുശ്രൂഷ നല്കുന്ന അലിവിന്റെ നിറവാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറെന്നു ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ അഞ്ചാം വാര്‍ഷികവും പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയറ്റില് പിതാവിന്റെ ആറാം ചരമവര്‍ഷിക അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. അഞ്ചു വര്‍ഷ കാലയളവില്‍ 4200 കിടപ്പുരോഗികള്‍ക്ക് നല്കിയ സാന്ത്വന ശുശ്രൂഷയും പ്രളയ കാലത്തും കോവിഡ് മഹാമാരിയിലും ഹൃദയ ചെയ്ത ത്യാഗ ശുശ്രൂഷയും അഭിനന്ദനാര്‍ഹമാണ് എന്ന് അവര്‍ പറഞ്ഞു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, അവാര്‍ഡ് ജേതാവായ ലിന്‍സി പീറ്ററിനു ആദരവ് നല്കി. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി സ്വാഗതവും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ പയ്യപ്പിള്ളി നന്ദിയും സിഎംസി ഉദയ പ്രൊവിഷ്യല്‍ സിസ്റ്റര്‍ വിമല, ഹൃദയ മെഡിക്കല്‍സ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ഡിബിന്‍ ഐയ്നിക്കല്‍, ഫാ. വിമല്‍ പേങ്ങിപ്പറമ്പില്‍, ഫാ. ടോം വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.