പടിയൂര്‍ കോടംകുളം പുളിക്കല്‍ച്ചിറ പാലം പുനര്‍നിര്‍മാണം വൈകുന്നു, ഒരു കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് ഒന്നര വര്‍ഷം
പായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാലപ്പഴക്കം വന്ന പടിയൂര്‍ കോടംകുളം പുളിക്കല്‍ച്ചിറ പാലം പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. ഭരണാനുമതി ലഭിച്ച് ഒന്നര വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മാണം ആരംഭിക്കാന്‍ നിര്‍മാണച്ചുമതലയുള്ള പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന് സാധിച്ചിട്ടില്ല. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തേയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പടിയൂര്‍, പൂമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെയാണ് പാലം നില്‍ക്കുന്നത്. 2018ലും 19ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ താഴെയുള്ള ഭാഗത്തെ വീതിക്കുറവുമൂലം വെള്ളം ഒഴുകി പോകാതെ തടഞ്ഞുനിന്നത് പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. കൊറോണയ്ക്ക് മുമ്പുള്ള നാലമ്പല തീര്‍ഥാടന കാലത്ത് പാലം അപകടത്തില്‍ എന്ന ബോര്‍ഡ് വെച്ചാണ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നത്. പാലം പുതുക്കി നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് 35 ലക്ഷം അനുവദിച്ച് നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും പ്രദേശവാസികള്‍ വലിയ പാലം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 35 ലക്ഷത്തിന്റെ പദ്ധതി ഒഴിവാക്കി ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. പുതിയ പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുശേഷം സ്ഥലം സന്ദര്‍ശിച്ച ഡിസൈന്‍ വിഭാഗം പ്രളയത്തിലെ ജലനിരപ്പ് പരിശോധിച്ച് അതനുസരിച്ച് പാലം ഉയര്‍ത്തി റോഡിന്റെ വളവ് നിവര്‍ത്തി പുതിയ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് പാലം നിര്‍മാണം പ്രതിസന്ധിയിലായത്. നിലവില്‍ അഞ്ചുമീറ്റര്‍ റോഡ് ഇരുവശവും കെട്ടി ഉയര്‍ത്തി രണ്ടുവരിയില്‍ നടപ്പാതയടക്കം 11 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് മഴക്കാലത്ത് വെള്ളം പാലം കവിഞ്ഞൊഴുകുന്ന സ്ഥിതിയുള്ളതിനാല്‍ ഒരു മീറ്ററോളം ഉയര്‍ത്തി നിര്‍മിക്കണമെന്നാണ് സ്ഥലം പരിശോധിച്ച വിദഗ്ധരുടെ നിര്‍ദേശം. പാലം ഉയര്‍ത്തി നിര്‍മിക്കുന്നതിന് മൂന്നുകോടി രൂപ വേണ്ടിവരും. അപ്രോച്ച് റോഡ് ഉയര്‍ത്തി വീതി കൂട്ടി നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിന്റെ ഫൈനല്‍ ഡിസൈന്‍ കിട്ടിയിട്ടില്ല. ഡിസൈന്‍ കിട്ടിയതിനു ശേഷം മാത്രമേ അതിന്റെ പൂര്‍ണതോതില്‍ പദ്ധതി തയാറാക്കാന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മിക്കാന്‍ മൂന്നുകോടി വേണ്ടിവരും.