നാട് തെരുവുനായ് പേടിയില്‍; വന്ധ്യംകരണ കേന്ദ്രങ്ങള്‍ അടഞ്ഞിട്ട് ഒരു വര്‍ഷം
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനയി ഒരുക്കിയ ജില്ലയിലെ എബിസി സെന്ററുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. മേഖലയില്‍ വെള്ളാങ്കല്ലൂരിലായിരുന്നു എബിസി സെന്റര്‍. 2015 ഒക്ടോബറിലാണ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന് കീഴിലുള്ള വെറ്ററിനറി ആശുപത്രിയില്‍ തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ തയാറാക്കിയത്. നാടൊട്ടുക്ക് പട്ടിപ്പേടിയില്‍ വലയുമ്പോള്‍ അവയുടെ വംശവര്‍ധന കുറയ്ക്കുക എന്നുള്ളതായിരുന്നു ഇതിന്റെ ലക്ഷ്യം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടിച്ച് ഇവിടെ പാര്‍പ്പിച്ച്, ഭക്ഷണം നല്കി, നിരീക്ഷിച്ച്, വന്ധ്യംകരണം നടത്തി നാലുനാള്‍കൂടി നിരീക്ഷിച്ച്, പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടുക എന്നുള്ളതാണ് ഇതിലൂടെ ചെയ്തുവന്നിരുന്നത്. പറവട്ടാനിയിലെ ഒഴിച്ചുളള കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ചുമതല കുടുംബശ്രീക്കായിരുന്നു. എന്നാല്‍ കുടുംബശ്രീക്ക് ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിന് സാങ്കേതിക പരിജ്ഞാനമില്ലെന്നും എബിസി കേന്ദ്രങ്ങള്‍ നടത്താന്‍ കുടുംബശ്രീയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് മൃഗക്ഷേമ സംഘടനകള്‍ കോടതിയെ സമീപിക്കുകയും കുടുംബശ്രീയെ കോടതി വിലക്കുകയും ചെയ്തതോടെയാണ് എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. കേന്ദ്ര മാനദണ്ഡപ്രകാരം എബിസി സെന്ററുകളില്‍ നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ ശീതീകരിച്ച മുറിയില്‍ മാത്രമേ ചെയ്യാന്‍ പാടുളളൂ. പ്രത്യേക ശസ്ത്രക്രിയ മേശ അടക്കമുളള സൗകര്യങ്ങളും വേണം. വന്ധ്യംകരണം നിലച്ചതോടെ നഗരത്തിലും പരിസരങ്ങളിലും തെരുവുനായ് ശല്യം ഇപ്പോള്‍ രൂക്ഷമാണ്. വെള്ളാങ്കല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോഗ് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. 48 നായ്ക്കളെ ഇവിടത്തെ ഷെല്‍ട്ടറില്‍ ഇടാമെങ്കിലും ഒരു ദിവസം പത്ത് നായ്ക്കളെ മാത്രമേ വന്ധ്യംകരണം ചെയ്യുവാന്‍ സാധിക്കുമായിരുന്നുള്ളൂ. സര്‍ജറി കഴിഞ്ഞ് നാലാം ദിവസമാണ് തദ്ദേശ സ്ഥാപനാധികൃതര്‍ക്ക് നായ്ക്കളെ തിരികെ കൈമാറുക. ഒരു ഡോക്ടര്‍, രണ്ട് നേഴ്സ്, നാല് പരിചാരകര്‍ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളാങ്കല്ലൂരിലുണ്ടായിരുന്നത്. കേരളത്തില്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ആശുപത്രി കാമ്പസില്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ ഡോഗ് ഷെല്‍ട്ടര്‍ ആണിത്. 2014 15 ജനകീയാസൂത്രണ പദ്ധതിയില്‍ അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ച് അന്നത്തെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. മേനോന് രവിയാണ് ഈ ഷെല്‍ട്ടര്‍ രൂപകല്പന ചെയ്തത്. നായ്ക്കള്‍ക്ക് വെയിലും മഴയും കൊള്ളാത്ത രീതിയില്‍ അഞ്ച് അടി വിസ്തീര്‍ണമുള്ള ഏഴ് കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. നായകൂടിന്റെ പ്രധാന വാതില്‍ തുറക്കാതെ, പുറമേ നിന്നു കൊണ്ടുതന്നെ പാത്രത്തില്‍ ഭക്ഷണവും വെള്ളവും കൊടുക്കുവാനുള്ള സംവിധാനമാണ് കൂടിനെ വ്യത്യസ്തമാക്കുന്നത്. കൂടു കഴുകിയാല്‍ കഴുകുന്ന വെള്ളമൊക്കെ ചെന്നു വീഴുന്നത് മൂന്ന് റിംഗുകളുള്ള വേസ്റ്റ് പിറ്റിലേക്കാണ്. വന്ധ്യംകരണം നിലച്ചതോടെ തെരുവു നായ്ക്കള്‍ ക്രമാതീതമായി പെരുകുകയാണ്. മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, നഗരസഭ ഓഫീസ് അടക്കമുളള സ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്കൂട്ടം പതിവു കാഴ്ചയാണ്. പലയിടത്തും ഇവ കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും നേരെ ആക്രമണം നടത്താറുണ്ട്. പേവിഷ ബാധയുളള നായ്ക്കളും കൂട്ടത്തിലുണ്ടെന്നത് ആശങ്കയുണര്‍ത്തുകയാണ്. നായ് ശല്യം പരിഹരിക്കാന്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.