ഇരിങ്ങാലക്കുടയില്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) സിവില്‍ സ്റ്റേഷന് മുന്നില്‍ വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയിലെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഠാണാ, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ചന്തക്കുന്ന് എന്നീ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് രോഗികളില്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് അറിയിച്ചു. ഇരിങ്ങാലക്കുടിയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും നിരന്തരം നിരവധി പരാതികള്‍ നല്‍കിയിട്ടും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി സമീപ പഞ്ചായത്തുകളില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും ഇരിങ്ങാലക്കുട നഗരസഭയില്‍ ഇപ്പോള്‍ കണ്ടെയ്ന്മെന്റ് സോണാക്കി നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ രോഗികള്‍ വളരെ കുറവാണ്. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളോട് വ്യാപാരികള്‍ എന്നും പരിപൂര്‍ണമായി സഹകരിച്ചിട്ടുണ്ട്.
തീവ്ര രോഗവ്യാപനം ഉണ്ടാകുന്ന വാര്‍ഡുകളിലെ രോഗികള്‍ ഉള്ള പ്രദേശത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കി തിരിച്ച് മറ്റു ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഉടനടി വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് 17 (ചിങ്ങം 1) നു സിവില്‍ സ്റ്റേഷനു മുമ്പില്‍ രാവിലെ പത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ധര്‍ണ നടത്തുമെന്നും വ്യാപാരി പ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍, വൈസ് പ്രസിഡന്റുമാരായ ബാലസുബ്രഹ്മണ്യന്, വി.കെ. അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്. ജാക്സന്, മണിമേനോന്‍, ഡീന്‍ ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കായി https://irinjalakuda.news/vyapari-lock-down-ijk/ , https://irinjalakuda.news/ijk-lockdown/, https://irinjalakuda.news/lockdown-ijk-nagarasabha/, ക്ലിക്ക് ചെയ്യുക