കെഎസ്ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോവിഡ്
ഗാന്ധിഗ്രാമിലെ കെഎസ്ഇബി ഓഫീസ് താത്കാലികമായി അടച്ചു
അടിയന്തര ആവശ്യങ്ങൾക്കായി പ്രത്യേക ടീമിനെ നിയോഗിച്ചതായി കെഎസ്ഇബി അധികൃതർ
ഇരിങ്ങാലക്കുട: കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗാന്ധിഗ്രാമിലുള്ള കെഎസ്ഇബി നമ്പർ രണ്ട് ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണു കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് രാത്രി തന്നെ ഓഫീസ് അടച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് എൻജിനീയർ അടക്കം മുഴുവൻ ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. അതേസമയം ഓവർസീയറും രണ്ടു ഫീൽഡ് സ്റ്റാഫും അടക്കം മൂന്നു പേരെ ഓഫീസിൽ പരാതികളുമായി ഫോണിൽ ബന്ധപ്പെടുന്നവർക്കു മറുപടി നല്കാൻ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി സബ് എൻജിനീയർ, ലൈൻമാൻ, ഓവർസീയർ, വർക്കർ എന്നിവർ അടങ്ങുന്ന ആറംഗ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കലൂരുള്ള ബന്ധുവീട്ടിലേക്കു ഡ്രൈവർ നേരത്തെ സന്ദർശനം നടത്തിയിരുന്നുവെന്നും ബന്ധുക്കളിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡ്രൈവർ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും മുഴുവൻ ജീവനക്കാരും ആന്റിജൻ പരിശോധന നടത്തിയിരുന്നുവെന്നും ഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.