ഓട്ടന്തുള്ളലിനൊരു പോലീസ് ടച്ച്
കലോത്സവവേദിയില്‍ പോലീസ് ചിട്ടയില്‍ തുള്ളിയത് 10 കുട്ടികള്‍
ഇരിങ്ങാലക്കുട: റവന്യൂ കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ വിജയമാവര്‍ത്തിച്ച് അധ്യാപകന് മണലൂര്‍ ഗോപിനാഥന്റെ ശിഷ്യന്മാര്. ഏഴ് ഉപജില്ലകളില്‍ നിന്ന് 10 കുട്ടികളാണ് റിട്ട. പോലീസുകാരന് കൂടിയായ മണലൂര്‍ ഗോപിനാഥന്റെ ശിക്ഷണത്തില്‍ മത്സരിക്കാന്‍ എത്തിയത്. മുപ്പതോളം വര്‍ഷങ്ങളായി ഓട്ടന്‍ തുള്ളല്‍ പരിശീലന രംഗത്തുള്ള മണലൂര്‍ ഗോപിനാഥന്റെ ശിഷ്യന്മാരില് നാല് പേരാണ് 33 മത് തൃശൂര്‍ റവന്യൂ കലോത്സവത്തില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയത്. യുപി വിഭാഗത്തില്‍ തൃശൂര്‍ കാല്‍ദിയന്‍ സിറിയന്‍ സ്കൂളിലെ ഇന്ദുബാല എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഹൈസ്കൂള്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ മണലൂര്‍ ഗവ. സ്കൂളിലെ വൈഷ്ണവ്, കൊടുങ്ങല്ലൂര്‍ ഗവ. സ്കൂളിലെ ഹീര എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാട്ടിക എസ്എന്‍ സ്കൂളിലെ ആനന്ദികക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കലാപഠനം ചിലവേറിയ കാലഘട്ടത്തില്‍ തീരപ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കളാണ് പരിശീലനം നേടുന്നവരില്‍ അധികമെന്നും മണലൂരില്‍ തുള്ളല്‍ പഠന കേന്ദ്രം നടത്തുന്ന ഗോപിനാഥന് മാസ്റ്റര്‍ പറയുന്നു. സംഗീത നാടക അക്കാദമി, കലാമണ്ഡലം, സംസ്കാരിക വകുപ്പ്, ലക്കിടി കുഞ്ചന്‍ സ്മാരക കേന്ദ്രം എന്നിവയുടെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മണലൂര്‍ ഗോപിനാഥന് തുള്ളലിന് ജനകീയ മുഖം നല്‍കാനും പുരാണങ്ങളിലെ പുതിയ കഥാഭാഗങ്ങള്‍ പരീക്ഷിക്കാനും ശ്രമങ്ങള്‍ നടത്തിവരികയാണ്. നളചരിതം, സുന്ദരീ സ്വയംവരം, രാമാനുജ ചരിതം, സന്താനഗോപാലം, കിരാതം എന്നീ കഥകളാണ് ഇരിങ്ങാലക്കുടയിലെ വേദികളില്‍ അവതരിപ്പിച്ചത്. ഭാര്യ ബേബിയും കുട്ടികള്‍ക്ക് മേക്കപ്പിടാന്‍ മകന് ബബിള്നാഥും ഗോപിനാഥന് മാസ്റ്ററുടെ ശ്രമങ്ങളെ പിന്തുണച്ച് കൂടെയുണ്ട്.