റവന്യു ജില്ലാ സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കും
പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത് പ്രധാനവേദികളില്‍ ഒന്നായ ഗേള്‍സ് സ്കൂളില്‍
ഇരിങ്ങാലക്കുട: റവന്യു ജില്ലാ സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ കലോത്സവത്തിന്റെ പ്രധാന വേദികളില്‍ ഒന്നായ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കലോത്സവ വേദികളില്‍ എത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കുകയെന്നതാണ് ഹെല്‍പ്പ് ഡെസ്കിലൂടെ ലക്ഷ്യമിടുന്നത്. വലപ്പാട് ഉപജില്ലാ കലോത്സവ വേദിയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്കിന് ലഭിച്ച പ്രതികരണമാണ് റവന്യു വേദിയിലും സേവനം ലഭ്യമാക്കാന്‍ പ്രേരണയായത്. മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര് അന്ന് ഹെല്‍പ്പ് ഡെസ്കിനെ സമീപിച്ചതായി സര്‍വ്വീസ് പ്രൊവൈഡര്‍ നീന മരിയ പറയുന്നു. ആത്മവിശ്വാസക്കുറവും മത്സര ഫലത്തെക്കുറിച്ചുള്ള മാനസിക സംഘര്‍ഷവുമാണ് പ്രധാനമായും കുട്ടികളില്‍ നിഴലിച്ചിരുന്നത്. ഗേള്‍സ് സ്കൂളില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മാരായ സിജു യോഹന്നാന്, പി.എം. സാനി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹനന്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി. സജീവ്, ഡയറ്റ് ഫാക്കല്‍റ്റി അംഗം എം.ആര്. സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകീട്ട് എഴ് വരെ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികളെ കയറ്റിയില്ലെങ്കില്‍ പൊതുനിരത്തില്‍ ബസ് തടയുമെന്ന് എഐഎസ്എഫ്
ഇരിഞ്ഞാലക്കുട: റവന്യു ജില്ല കലോത്സവം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ പല വിദ്യാര്‍ഥികളെയും ബസുകളില്‍ കയറ്റാതെ പോകുന്നത് തികച്ചും വിദ്യാര്‍ഥി വിരുദ്ധ നിലപാടാണെന്ന് എഐഎസ്എഫ് അഭിപ്രായപ്പെട്ടു. കലോത്സവ ദിനങ്ങളില്‍ ഫുള്‍ ടിക്കറ്റ് കൊടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരെ അധികമായി കയറ്റുന്നതിനു വേണ്ടി വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തുന്ന ബസ് ജീവനക്കാരുടെ സമീപനം പോലീസും ആര്‍ടിഒയും തുടങ്ങിയ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെട്ടുകൊണ്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, പ്രസിഡന്റ് എന്‍.കെ. ഹരി എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.