ആളൂര്‍ വെള്ളാഞ്ചിറയില്‍ പോലീസിന്റെ വന്‍ സ്പിരിറ്റ് വേട്ട;
250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം ഷുഗര്‍ മിക്സിങ് വാട്ടറും വാഹനം സഹിതം നാല് യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളാഞ്ചിറയില്‍ നിന്നും 250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗര്‍ മിക്സിങ് വാട്ടറുമായി വാഹന സഹിതം നാല് യുവാക്കളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും, ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ രീതിയില്‍ റെയ്ഡും നടപടികളും തുടര്‍ന്നുവരവേ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും, ആളൂര്‍ പോലീസും ചേര്‍ന്ന പ്രത്യേക പോലീസ് സംഘം ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളാഞ്ചിറ കള്ള് ഷാപ്പ് ഗോഡൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് കള്ള് ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് പഴുപറമ്പില്‍ സുധീഷ് (47, സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ചു നല്കിയ കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ് (35), പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീ ദത്ത് (29), ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് (33) എന്നിവരെ ആളൂര്‍ സിഐ സിബിന്, ഡാന്‍സാഫ് സിഐ ബി.കെ. അരുണ്‍, എസ്ഐമാരായ സുബിന്ത്, ഒ.ജി. ഷാജു, ഡാന്‍സാഫ് എസ്ഐ വി.ജി. സ്റ്റീഫന്‍, ഉദ്യോഗസ്ഥരായ ജോബ് സിഎ ഷൈന്‍, ലിജു ഇയ്യാനി, മിഥുന് ആര്. കൃഷ്ണ, അജിത്ത്, മനോജ്, ജീവന്, ഉമേഷ്, മാനുവല്‍, ബിലഹരി, ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ചിന്റെ കീഴിലുള്ള കള്ള് ഷാപ്പുകളിലേക്ക് കള്ള് വിതരണം ചെയ്യുന്ന ഗോഡൗണിലേക്കാണ് ഇത്തരത്തില്‍ സ്പിരിറ്റ് എത്തിച്ചിരുന്നത്. പിടിയിലായ യുവാക്കള്‍ ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുമായി ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.