സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ റോഡിലെ കുഴി അടച്ചു
ഇരിങ്ങാലക്കുട: പൊതുമരാമത്ത് വകുപ്പും നഗരസഭയും കയ്യൊഴിഞ്ഞ റോഡിലെ വലിയ കുഴി സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ അടച്ചു. പോട്ട സംസ്ഥാന പാതയില്‍ നിന്ന് വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപത്ത് നിന്ന് മാര്‍ക്കറ്റിലേക്ക് വണ്‍വേ തിരിയുന്നിടത്തെ റോഡിന് നടുവിലെ വലിയ കുഴിയാണ് അടച്ചത്. മാസങ്ങളായി റോഡില്‍ നടുവില്‍ വലിയ കുഴി രൂപപ്പെട്ടിട്ട്. പിഡബ്ല്യുഡി, നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും റോഡ് തങ്ങളുടേതല്ലെന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും. തിരക്കേറിയ റോഡില്‍ വളവ് തിരിഞ്ഞ് വരുന്നിടത്ത് റോഡിന് നടുവിലെ കുഴി പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിരുന്നു. മാര്‍ക്കറ്റിലേക്ക് വരുന്ന ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ കുഴിയില്‍ വീണ് മുന്നോട്ട് എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഗതാഗതക്കുരുക്കിനും കുഴി കാരണമായി. അപകടങ്ങള്‍ പതിവായതോടെയാണ് സ്നേഹതീരം പ്രവര്‍ത്തകര്‍ കുഴിയടച്ചത്.