ഇരിങ്ങാലക്കുട നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ സമരം
കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ സമരം നടത്തി. വായ്പയെടുത്ത് കുടിശികയായതിനാല്‍ ലൈഫ് പദ്ധതിയില്‍ അംഗമായ ഗുണഭോക്താക്കള്‍ക്ക് പാസായ തുക കിട്ടാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച രാവിലെ വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജുവിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ കുടിശികയുള്ള ഗുണഭോക്താക്കള്‍ സെക്രട്ടറിയെ കാണാനെത്തിയിരുന്നെങ്കിലും ട്രൈപാര്‍ട്ടി എഗ്രിമെന്റില്‍ ഒപ്പുവെയ്ക്കാന്‍ കഴിയില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞതെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ഗുണഭോക്താക്കള്‍ ബാങ്കിനു മുന്നില്‍ സമരം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും കുടിശികയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടാല്‍ ഇനി 12 വര്‍ഷത്തേക്ക് ഈ കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ഭവനനിര്‍മ്മാണത്തിന് അപേക്ഷ നല്കാന് കഴിയില്ലെന്ന് ടി.കെ. ഷാജു പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ പറയുന്നത് ഇവര്‍ക്ക് ബാങ്കില്‍ കുടിശിക ഉണ്ടെന്നാണ്. എന്നാല്‍, മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് കുടിശികയുള്ളത്. ഇവരുടെ കുടിശിക തിരിച്ചുപിടിക്കാതെ നിസാര വായ്പകളിലുള്ള കുടിശിക പറഞ്ഞ് ട്രൈപാര്‍ട്ടി എഗ്രിമെന്റ് ഒപ്പുവെയ്ക്കാത്തത് നീതി രഹിതമാണെന്നും ഷാജു പറഞ്ഞു.