നിപ്മറിന് ബജറ്റില്‍ 12 കോടി
ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനുള്ള ബജറ്റ് വിഹിതം 12 കോടിയായി വര്‍ദ്ധിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് പത്ത് കോടിയാണ്. ഭിന്നശേഷി പുനരധിവാസ മേഖലയില്‍ സ്പെഷ്യല്‍ സ്കൂള്‍ മുതല്‍ പ്രഫഷണല്‍ കോഴ്സുകള്‍ വരെ നടത്തുന്ന മികവിന്റെ കേന്ദ്രമായ നിപ്മറില്‍ പുതിയ പ്രഫഷണല്‍ കോഴ്സുകള്‍ ആരംഭിക്കുക, പുതിയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഭിന്നശേഷിക്കാര്‍ക്കായി പുതിയ തൊഴില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കുക, ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ സഹായക ഉപകരണങ്ങള്‍ നിര്‍മിക്കുക, വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും, നിപ്മറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നിവക്കാണ് ബജറ്റ് വിഹിതം പ്രയോജനപ്പെടുത്തുക. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കൃത്രിമ കൈക്കാല്‍ നിര്‍മാണത്തില്‍ വിദഗ്ദരെ സൃഷ്ടിച്ചെടുക്കുന്നതിന് നാലര വര്‍ഷം ദൈര്‍ഘ്യമുള്ള പ്രഫഷണല്‍ ബിരുദ്ധ കോഴ്സായ ബാച്ചിലര്‍ ഓഫ് പ്രോസ്തറ്റിക്സ് ആന്‍ഡ് ഓര്‍ത്തോറ്റിക്സ്, വയോജനങ്ങളെയും കിടപ്പ് രോഗികളേയും ശിശ്രൂഷിക്കുന്നതിന് പരിശീലനം നല്കുന്ന പരിപാലകര്ക്കായുള്ള പത്ത് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയാണ് നിപ്മര്‍ പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക്ക് പ്രോഗ്രാമുകള്‍.