ആയിരമാണ്ടിനപ്പുറവും ഓണനെല്ല്, പള്ളിമുറ്റത്തെ ശിലാശാസനം സാക്ഷി
ഓണനെല്ല് കൊടുത്തോണം,ഓണനെയ്യ് കഴിച്ചോണം.
പള്ളിമുറ്റത്ത് ഓണസ്മരണകളുമായി ആയിരമാണ്ട് പഴക്കമുള്ള രാജാവിന്റെ ശിലാരേഖ. താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോട് ചേര്‍ന്ന് എ.ഡി. 800 ല്‍ രാജസിംഹപ്പെരുമാള് എഴുതിയ കരിങ്കല്‍ തളികയിലാണ് ഓണത്തെകുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. രാജസിംഹപ്പെരുമാളാല് താഴെക്കാട്ടേക്ക് കുടിയേറ്റപ്പെട്ട വ്യാപാരികള്‍ക്ക് താഴെക്കാട് ഗ്രാമക്കാര്‍ പൂര്‍ണ സമ്മതത്തോടെ കൊടുത്ത സ്ഥലമാണിത്. മണിഗ്രാമത്തിലെ ക്രിസ്ത്യാനികളായ ചാത്തന് പടുകന്, ഇരവികൊത്തനന് എന്നിവര്‍ക്ക് ചുങ്കം ഒഴിവാക്കി ഇളവു നല്കിയതിന്റെയും നികുതികള്‍ ഇളവു ചെയ്തതിന്റെയും രേഖകളാണ് കരിങ്കല്‍ ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്നത്. കച്ചവടത്തിനായി രണ്ട് പീടിക മുറികള്‍ നടത്തുന്നതിന് മറ്റെല്ലാ നികുതികളും ഒഴിവാക്കിയെങ്കിലും ഓണനെല്ല് നിര്‍ബന്ധമായും നല്‍കേണ്ടതാണെന്ന് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന് ശേഷം എട്ടാം നൂറ്റാണ്ടിലാണ് ഈ രേഖ തയാറാക്കിയിരിക്കുന്നത്. ക്രൈസ്തവരുടെ വാണിജ്യപരമായ കഴിവിനെ മനസഋിലാക്കി നാടുവാഴികളും രാജാക്കന്മാരും കച്ചവടത്തിനായി എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തതിന്റെ തെളിവാണ് ഈ ശിലാഫലകത്തില്‍ കാണുന്നത്. ഈ രേഖയിലാണ് ഓണത്തെകുറിച്ചുള്ള ആദ്യപരാമര്‍ശം വന്നിട്ടുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ആയിരമാണ്ട് പഴക്കമുള്ള പൊന്നോണസ്മരണകളെ അണയാതെ സൂക്ഷിക്കുന്ന താഴെക്കാട്ടെ വട്ടെഴുത്തിലുള്ള ഈ ശിലാശാസനം ഒട്ടേറെ ചരിത്രസത്യങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. സാംസ്കാരികവും വാണിജ്യപരവുമായ കേരളീയ ചരിത്രത്തെ കുറിച്ചുള്ള പഠനമാണ് ഇതിലൂടെ സാധ്യമാകുന്നത്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് ഈ ശാസനം ദേവാലയമുറ്റത്ത് നിലകൊള്ളുന്നത്.