അമ്മയും മകനും ജീവനൊടുക്കിയ സംഭവം-കാരണം അവ്യക്തം
ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല-ഭീതിയോടെ കല്ലംകുന്ന് നിവാസികള്‍
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നില്‍ അമ്മയും മകനും ജീവനൊടുക്കിയ സംഭവത്തില്‍ കാരണം വ്യക്തമായിട്ടില്ല. ഇവര്‍ സ്വയം ജീവനൊടുക്കിയതെങ്കില്‍ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മരണകാരണം വ്യക്തമാകാത്തതിനാല്‍ ആശങ്കയുടെയും ഭീതിയുടെയും നിഴലിലാണ് കല്ലംകുന്ന് നിവാസികള്‍. കഴിഞ്ഞ ദിവസമാണ് കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജി (54) യെയും ഇളയ മകന് വിജയ് കൃഷ്ണ (26) നെയും കല്ലംകുന്നുള്ള രാജിയുടെ അമ്മവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ തറവാട്ടു വീട്ടിലെത്തി നടത്തിയ പരിശോധനയിലാണു മകന് വിജയ് കൃഷ്ണനെ കിണറ്റിലും ഭാര്യ രാജിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. രാജിയുടെ കൈഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്ന നിലയിലായിരുന്നു. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലുമായിരുന്നു. കൈഞരമ്പുകള്‍ മുറിച്ചതിനു ശേഷമാണോ തൂങ്ങിയതെന്നു വ്യക്തമായിട്ടില്ല. കൈഞരമ്പുകള്‍ മുറിച്ച ശേഷം എങ്ങിനെ ഷാളില്‍ തൂങ്ങാന്‍ സാധിക്കും എന്നുള്ളതാണ് പലരുടെയും സംശയം. അമ്മയും മകനും ഒരേ സമയമാണോ ജീവനൊടുക്കിയതെന്നോ ഇവരില്‍ ആരുടെയങ്കിലും മരണം കണ്ട് മറ്റൊരാള്‍ സ്വയം ജീവനൊടുക്കിയതാണോ എന്ന് വ്യക്തമല്ല. ഇതിനിടയിലാണ് മൂത്തമകന് വിനയ് കൃഷ്ണനെ കാണാതായിരിക്കുന്നത്.
ഇവരെ തേടിയുള്ള പോലീസിന്റെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. എറണാക്കുളം മരടിലെ ഒരു വീട്ടീല് ഇയാളുടെ ഫോണും ബൈക്കും പോലീസ് കണ്ടെടുത്തു. ഇവന് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്നു വിനയ് കൃഷണന്. അമ്മയുടെയും അനുജന്റെയും മരണശേഷമാണോ മകന് സ്ഥലം വിട്ടതെന്നു വ്യക്തമല്ല. ബന്ധുക്കളും അയല്‍വാസികളുമായി നല്ല ബന്ധമാണ് ഈ കുടുംബം പുലര്‍ത്തിയിരുന്നത്. യാതൊരു വിധത്തിലുള്ള വഴക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല.
സാമ്പത്തിക പ്രശ്നമാകാം മരണകാരണമെന്ന നിഗമനത്തിലാണിപ്പോള്‍. കാണാതായിരിക്കുന്ന മൂത്തമകന് വിനയ് കൃഷ്ണന് സാമ്പത്തിക ബാധ്യത വരുത്തിയതായി സൂചനയുണ്ട്. കാറിന് ലോണ്‍ എടുത്തിരിക്കുന്നതു അനുജന്റെ പേരിലാണ്. പലര്‍ക്കും നല്‍കാനുള്ള പണത്തിന്റെ ചെക്കുകള്‍ ഈയിടക്ക് മടങ്ങിയിരുന്നു. മൂത്ത മകന് വിനയ് കൃഷ്ണനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മരിച്ച രാജിയുടെ സംസ്കാരം ഞായറാഴ്ചയും വിജയ് കൃഷ്ണയുടെ സംസ്കാരം ശനിയാഴ്ചയും നടത്തി.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കായി https://irinjalakuda.news/kallamkunnu-died-news/ ക്ലിക്ക് ചെയ്യുക