അറവുശാലക്കു പൂട്ട് വീണിട്ട് പത്തു വര്‍ഷം; അനധികൃത അറവ് വ്യാപകം
ഇരിങ്ങാലക്കുട: ആധുനിക അറവുശാലയെന്ന ബോര്‍ഡ് മാത്രം ബാക്കിയാക്കി അറവുശാല അടച്ചുപൂട്ടിയിട്ട് പത്തു വര്‍ഷം പിന്നിടുന്നു. 2012 ഏപ്രില്‍ 22 നാണു ഈസ്റ്റ് കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ മതിലിടിഞ്ഞ് മാലിന്യം പുറത്തേക്കു ഒഴുകിയത്. മതിലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ തളം കെട്ടികിടന്നിരുന്ന രക്തവും മാംസാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യകൂമ്പാരം സമീപത്ത് താമസിക്കുന്നവരുടെ വീടിന്റെ മുറ്റത്തുവരെ ഒഴുകിയെത്തി. ഇതോടെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി മാറി. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മാടുകളെ അറക്കുവാന്‍ പാടില്ലെന്നുള്ള കോടതി ഉത്തരവും നേടി.
സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുവാന്‍ എത്തിയ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണു അറവുശാല പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നു വ്യക്തമാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ലെന്ന് കാണിച്ചുകൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്്ക്ക് നോട്ടീസ് നല്കി. ഇതോടെ അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി. അറവ് പുനരാരംഭിക്കണമെന്നാണു ഇറച്ചി വ്യാപാരികളുടെയും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വ്യാപാരികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. വര്‍ഷം തോറും നഗരസഭയുടെ ബജറ്റില്‍ അറവുശാലയ്ക്കായി പണം മാറ്റിവയ്ക്കുമെങ്കിലും ഇതുവരെയും പ്രവര്‍ത്തന സജ്ജമാക്കുവാനുള്ള നടപടികളായിട്ടില്ല.
തുറക്കുവാന്‍ ഇനിയും കടമ്പകളേറെ
മുനിസിപ്പല്‍ ആക്ട് പ്രകാരം നഗരസഭയില്‍ അറവുശാല വേണമെന്നാണ് ചട്ടം. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റും ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കണം. 2019 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക അറവുശാല നിര്‍മിക്കുന്നതിന് ഡിപിആര്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. നഗരസഭയിലെ നിലവിലെ അറവുശാല കെട്ടിടം പൊളിച്ച് ആധുനിക അറവുശാലക്കു അനുസൃതമായ രീതിയില്‍ കെട്ടിടം നിര്‍മിക്കുന്നതിനു ഡിപിആര്‍ തയാറാക്കി കിഫ്ബി സമര്‍പ്പിക്കുവാന്‍ 2021 ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു.
അറവുശാല നിര്‍മിക്കുന്നതിനു ഡിപിആര്‍ തയാറാക്കുന്നതിനു ചുമതലപ്പെടുത്തിയ ഏജന്‍സി സ്ഥല പരിശോധന നടത്തിയതില്‍ ആധുനിക അറവുശാല നിര്‍മിക്കുന്നതിനു നിലവിലുള്ള കെട്ടിടം അപര്യാപ്തമാണന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. കഴിഞ്ഞ മാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആധുനിക അറവുശാല നിര്‍മിക്കുന്നതിന് കിഫ്ബി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിപിആര്‍ തയ്യാറാക്കിയ കണ്ണൂര്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഫാമിംഗ് ആന്‍ഡ് ഫുഡ് പ്രൊസസിംഗിന് 584808 രൂപ പ്ലാന്‍ ഗ്രാന്റില്‍ നിന്നും അനുവദിച്ചു.
അറവുശാല അടഞ്ഞു തന്നെ; മാംസ വ്യാപാരം തകൃതി
ഇരിങ്ങാലക്കുടക്കാര്‍ക്ക് നല്ല ഇറച്ചി വിശ്വസിച്ചു കഴിക്കണമെങ്കില്‍ കൊച്ചി കോര്‍പ്പറേഷനോ ചാലക്കുടി നഗരസഭയോ കനിയണം. വെറ്റ്നറി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം കശാപ്പു ചെയ്ത മൃഗങ്ങളുടെ മാംസം ഇവിടങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഇറച്ചിയേക്കാള്‍ കൂടുതല്‍ ഇരിങ്ങാലക്കുടയില്‍ വില്പന നടക്കുന്നുണ്ട് എന്ന് വ്യക്തം. ഇരിങ്ങാലക്കുടയില്‍ 19 അംഗീകൃത മാംസ വ്യാപാരികളാണ് ഉള്ളത്. അനധികൃത മാംസ വ്യാപാരം പൂര്‍ണമായും തടയുവാന്‍ സാധിക്കുമോ എന്നുള്ള കാര്യം സംശയമാണ്. നഗരസഭയിലെ അറവുശാല പ്രവര്‍ത്തനരഹിതമാണെന്ന് എടുത്ത് പറയുന്ന 201718 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ അംഗീകൃത അറവുശാലകളില്‍ നിന്നുള്ള മാംസമാണോ വില്‍ക്കുന്നതെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചതോടെ വര്‍ഷംതോറും നഗരസഭയ്ക്ക് ലഭിച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണു ഇല്ലാതായത്.