കൂടല്‍മാണിക്യം;സംഗമപുരിയില്‍ മേളാസ്വാദകരുടെ മനം കവര്‍ന്ന് കണ്ണിനും കാതിനും കുളിര്‍മയായി ചെമ്പടമേളം
ഇരിങ്ങാലക്കുട: പഞ്ചാരിയെപ്പോലെ കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ചെമ്പടമേളത്തിനും ആരാധകരേറെ. ശീവേലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടിക്കലാശിക്കുകയാണ് പതിവ്. മൂന്നു മണിക്കൂറോളം കിഴക്കേ നടപ്പുരയിലും പടിഞ്ഞാറേ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ച ശേഷമാണ് ചെമ്പടമേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറേ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര് ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനീ തീര്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്ഥക്കരമേളം എന്നും പറയാറുണ്ട്. ചുറ്റമ്പലത്തിന്റെ വടക്കേ വാതിലിനടുത്ത് പ്രദക്ഷിണ വഴിയിലെ തീര്‍ഥക്കരയില്‍ നടക്കുന്ന ഈ ചെമ്പടമേളം തട്ടകത്തിന്റെ വൈകാരികമേളവും കൂടിയാണ്. തീര്‍ഥക്കരയിലെ വിശിഷ്ടമായ ചെമ്പടമേളത്തിന്റെ പ്രതിധ്വനി സംഗമപുരിയിലെ ഉത്സവാരവങ്ങള്ക്കുമീതെ ഒരു പ്രകമ്പനമായി ഉയരുന്നു. തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേ നടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് ചെമ്പടമേളം കാണുവാനും കേള്‍ക്കുവാനും വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു. വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്ത് നടക്കുന്നതിനാല്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. തീര്‍ഥക്കര ചെമ്പട മേളകലാകാരന്മാര്ക്ക് വ്യക്തിവൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദിയായി മാറുന്നതുകൊണ്ട് ഈ കലാപ്രകടനം പലപ്പോഴും ഒരു തായമ്പകയുടെ സ്വഭാവം കൈവരിക്കുന്നു. ഉരുട്ടുചെണ്ടയിലും വീക്കനിലും വിദഗ്ധരായ ചെണ്ട കലാകാരന്മാരുടെ വൈദഗ്ധ്യം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ഥക്കര മേളത്തിനിടയിലാണ്. പടിഞ്ഞാറേ നടയില്‍ പഞ്ചാരി അവസാനിച്ചാല്‍ മേളകലാകാരന്മാരുടെ എണ്ണം കുറയുന്നതുകൊണ്ട് ഒരു വൃത്തത്തിന്റെ ഛായയില്‍ തീര്‍ഥക്കരയില്‍ നിരക്കുന്നതിനാല് ആസ്വാദകര്‍ക്ക് ആദിതാളലഹരിയില് മതിമറന്നുല്ലസിക്കുവാനും കഴിയുന്നു. ആദിതാളമെന്ന് ശാസ്ത്രീയ സംഗീതത്തിലും ചെമ്പടയെന്ന് കേരളതാളപദ്ധതിയിലും അറിയപ്പെടുന്ന ചെമ്പടമേളം മലയാളിയെ സംബന്ധിച്ചിടത്തോളം താളത്തിന്റെ വഴികളില്‍ വളരെ പ്രാധാന്യമുള്ളതാണ്. ശിവേളിക്ക് ശങ്കരന് കുളങ്ങര മണികണ്ഠന് തിടമ്പേറ്റി. തിരുവല്ല രാധാകൃഷ്ണന് ആയിരുന്നു മേളപ്രമാണി. വൈകീട്ട് നടന്ന വിളക്കെഴുന്നള്ളിപ്പിന് കുട്ടന്‍കുളങ്ങര അര്ജുനന് തിടമ്പേറ്റി. പെരുവനം പ്രകാശന് മാരാന് മേളത്തിന് പ്രാമാണ്യം വഹിച്ചു.
അഞ്ചാം ഉത്സവം; കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷല്‍ പന്തലില്‍)
ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രണ്ട് വരെ അഷ്ടപദി. രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി. നാല് മുതല്‍ നൃത്തനൃത്യങ്ങള്‍. 5.30 മുതല്‍ 7.30 വരെ ടി.എസ്. രാധാകൃഷ്ണന് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. 7.30 മുതല്‍ ഒമ്പത് വരെ കുച്ചിപ്പുടി. ഒമ്പത് മുതല്‍ പത്ത് വരെ ശാസ്ത്രീയ നൃത്തം. രാത്രി 12ന് കഥകളി (കഥ: 1. കല്യാണസൗഗന്ധികം 2. സീതാസ്വയംവരം).
(സംഗമം വേദി)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി, നാല് മുതല്‍ 4.30 വരെ ശ്രീദേവി വിഷ്ണു ചിറ്റണ്ട അവതരിപ്പിക്കുന്ന നൃത്തം, 4.30 മുതല്‍ അഞ്ച് വരെ ഹിത എസ്. നിര്‍മ്മല്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, അഞ്ച് മുതല്‍ ആറ് വരെ വിനീത നാരായണന് അവതരിപ്പിക്കുന്ന ഭരതനാട്യം, ആറ് മുതല്‍ 6.15 വരെ അനുമിത്ര ശ്രീജിത്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.15 മുതല്‍ ഏഴ് വരെ കലാമണ്ഡലം വൈഷ്ണവി മുകുന്ദന് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ഏഴ് മുതല്‍ 8.30വരെ കലാനിലയം രാഘവന് ആശാന്റെ നേതൃത്വത്തില്‍ നളചരിതം ഒന്നാം ദിവസം കഥകളിയില്‍ ദമയന്തിയായി മന്ത്രി ആര്. ബിന്ദു ചായമിടും, ജയശ്രീ ഗോപിയും സി.എം. ബീനയും ദമയന്തിയുടെ സഖിമാരായി അഭിനയിക്കും. ജയന്തി ദേവരാജ് ഹംസമായി വേഷമിടും. 8.30 മുതല്‍ 9.30 വരെ വയലിന് ത്രയം, 9.30 മുതല്‍ 10.30 വരെ ഫ്യൂഷന്‍ ഡാന്‍സ്.