മണിപ്പൂര്‍ കലാപം; ഭീമ ഹര്‍ജി ഒപ്പുശേഖരണവുമായി കത്തോലിക്ക കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് നല്കുന്ന ഭീമഹര്‍ജിയുടെ രൂപതാ തല ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. മണിപ്പൂരില്‍ ക്രൈസ്തവര്‍ കൊല ചെയ്യപ്പെടുകയും, വീടുകള്‍, ഗ്രാമങ്ങള്‍, ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ തിരഞ്ഞ് പിടിച്ച് അഗ്നിക്ക് ഇരയാക്കുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ഭരണഘടന ഉറപ്പു നല്കുന്ന ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ബാധിക്കപ്പട്ടവര്ക്ക് പുനരധിവാസവും, നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങള്‍, സ്ഥാപനങ്ങളുടെ പുനര്‍നിര്‍മാണവും കേരളത്തിലെ വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജീവനും, സ്വത്തിനും, കര്ഷകവിളകള്ക്കും സംരക്ഷണം ഉറപ്പാക്കാന്‍ ശാശ്വത പരിഹാരം കാണുക, റബ്ബര്‍, നാളികേരം, ഏലം, കുരുമുളക് മുതലായ എല്ലാ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരണം നടത്തി വിലസ്ഥിരത ഉറപ്പ് വരുത്തുക, കര്‍ഷകരില്‍ ശേഖരിക്കുന്ന നെല്ലിന് ഉടന്‍ പണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അഞ്ചു ലക്ഷം പേര് ഒപ്പിട്ടാണ് ഭീമഹര്‍ജി നല്‍കുന്നത്. പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍, ആന്റണി തൊമ്മാന, ഡേവീസ് ചക്കാലക്കല്‍, ജോസഫ് വാസുപുരത്തുകാരന്‍, ഷോജന്‍ ഡി. വിതയത്തില്‍, സിജോ ബേബി, ആനി ആന്റോ, ഷേര്‍ളി ജാക്സന് എന്നിവര്‍ പ്രസംഗിച്ചു.