മാപ്രാണം ഹോളിക്രോസ് ദേവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ 13, 14, 15 തിയതികളിൽ, ഇന്ന് പതാകപ്രയാണം
മാപ്രാണം: ഹോളിക്രോസ് തീർഥാടന ദേവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ (കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ) 13, 14, 15 തിയതികളിൽ ആഘോഷിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് വികാരി ഫാ. ജോയ് കടന്പാട്ടിന്റെ നേതൃത്വത്തിൽ കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തിൽ നിന്നും അലങ്കരിച്ച വാഹനത്തിൽ അനേകം വാഹനങ്ങളുടെ അകന്പടിയോടുകൂടി പതാകപ്രയാണം ആരംഭിച്ച് വൈകിട്ട് ആറിന് മാപ്രാണം തീർഥാടന ദേവാലയത്തിലെത്തും.
അഞ്ചിന് രാവിലെ ഏഴിന് തിരുനാളിന്റെ കൊടിയേറ്റുകർമം വികാരിയും റെക്ടറുമായ ഫാ. ജോയ് കടന്പാട്ട് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ ആറിന് നവനാൾ ദിവ്യബലിയും 7.15 ന് ദിവ്യബലിയും വൈകിട്ട് 5.30 ന് സെന്റ് ജോണ്‍ കപ്പേളയിൽ വിശുദ്ധ കുരിശിന്റെ നൊവേന-ലദീഞ്ഞ്, സന്ദേശം എന്നിവയും 13 വരെ നടക്കും. തിരുനാൾ ദിനമായ 14ന് രാവിലെ 6.30 നും 7.30 നും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി. രാവിലെ 10 ന് ആഘോഷമായ ദിവ്യബലി, ഉച്ചകഴിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകിട്ട് ഏഴിനു സമാപിക്കും. തുടർന്ന് വർണമഴ.
15ന് വിശുദ്ധ റോസ പുണ്യവതിയുടെ തിരുനാൾ ദിനത്തിൽ വൈകിട്ടുള്ള പ്രദക്ഷിണത്തിനുശേഷം പള്ളി മൈതാനത്ത് ചൊവ്വല്ലൂർ മോഹന്റെ നേതൃത്വത്തിൽ 101 മേളക്കാർ പങ്കെടുക്കുന്ന മേളവിസ്മയം. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു മേളവിസ്മയം ഉദ്ഘാടനം ചെയ്യും. 21ന് എട്ടാമിടത്തിൽ നേർച്ചയൂട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് കടന്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിനോ തെക്കിനിയത്ത്, ട്രസ്റ്റിമാരായ ജോണ്‍ പള്ളിത്തറ, വിൻസെന്റ് നെല്ലെപ്പിള്ളി, അനൂപ് അറക്കൽ, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തെക്കേത്തല, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ തോമസ് കോപ്പുള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.