ജനറല്‍ ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 30 സിസി ക്യാമറകള്‍ സ്ഥാപിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം രണ്ടാംഘട്ട വികസനത്തിലേക്ക്. നിലവില്‍ 15000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ കേന്ദ്ര ഫണ്ടില്‍ നിന്നുള്ള നാലര കോടി രൂപ ചിലവഴിച്ച് 20,000 ചതുരശ്ര അടി കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 30 സി സി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.
ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും പാര്‍ക്കിംഗ് ഫീസ് അഞ്ച് രൂപ ആക്കാനും കാറുകളുടെ പാര്‍ക്കിംഗ് ഫീസ് ഇരുപത് രൂപയാക്കാനും യോഗം തീരുമാനിച്ചു. എന്‍ എച്ച്എം ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണം മുടങ്ങിയ വിവരം ആശുപത്രി അധികൃതര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഫണ്ട് ഇതു വരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍മ്മാണം മുടങ്ങിയിരിക്കുന്നത്.
എട്ട് ലക്ഷത്തോളം രൂപ വൈദ്യുതി, വെള്ളം എന്നിവയില്‍ കുടിശ്ശികയുണ്ടെന്നും ഫണ്ട് ഉണ്ടെങ്കിലും ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസ്സാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. കാന്റീനിന്റെ വികസനവും നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
നേഴ്സിംഗ്, സെക്യൂരിറ്റി തസ്തികകളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ , വൈസ് ചെയര്മാന് ടി വി ചാര്‍ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി ടി ജോര്‍ജ്, എം പി യുടെ പ്രതിനിധി ആന്റോ പെരുമ്പിള്ളി, സമിതി അംഗങ്ങളായ ഡോ കെ പി ജോര്‍ജ്ജ്, കെ എസ് പ്രസാദ്, ഷൈജു കുറ്റിക്കാട്ട്, കെ എ റിയാസുദ്ദീന്‍ , ആശുപത്രി ലേ സെക്രട്ടറി വി വി പ്രഭ തുടങ്ങിയവര്‍ സംസാരിച്ചു. സൂപ്രണ്ട് ഡോ എം ജി ശിവദാസ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി നന്ദിയും പറഞ്ഞു.