വോളീബോളിനായ് ജീവിച്ച സഞ്ജയ് ബലിഗ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക പദവിയില്‍ നിന്നും പടിയിറങ്ങുന്നു
ഇരിങ്ങാലക്കുട : നാലു പതിറ്റാണ്ട് വോളിബോളില്‍ നിറഞ്ഞുനിന്ന സഞ്ജയ് ബലിഗ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക പദവിയില്‍ നിന്നും വിരമിക്കുന്നു. വോളിബോള്‍ ദേശീയ താരമായിരുന്ന അദ്ദേഹം കളിമികവിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സ്റ്റേഷന് മാസ്റ്റര്‍ ആയി ജോലി ലഭിച്ചു. വോളിബോളിനെ അതിയായി സ്നേഹിക്കുന്ന അദ്ദേഹം തന്റെ റെയില്‍വേയിലെ ജോലി രാജിവച്ച് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ വോളിബോള്‍ പരിശീലനായി ജോലിയില്‍ പ്രവേശിച്ചു. വിവിധ സ്കൂളുകളിലും കോളജുകളിലും സേവനമനുഷ്ഠിച്ച അദ്ദേഹം സ്ഥലം മാറ്റത്തിലൂടെ 2009 ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ് കോളജില്‍ പരിശീലകനായി വരുകയും നീണ്ട 14 വര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ പരിശീലന കരിയറിലെ മികച്ച നേട്ടവുമായാണ് പടിയിറങ്ങുന്നത്. പത്തോളം പേരെ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയണിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം ലഭിച്ച അമ്പത്തോളം പേര് കെഎസ്ഇബി, കേരള പോലീസ്, ഇന്ത്യന്‍ റെയില്‍വേ, സി ആര് പി എഫ്, ഇന്‍ഡ്യന്‍ ആര്‍മി, കേരള സര്‍ക്കാര്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍ സ്പോര്ട്സ്ക്വാട്ടായിലൂടെ ജോലി ലഭിച്ചു. നൂറോളം പേര് കേരള ടീമിനെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുത്തു. എണ്‍പതോളം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധീകരിച്ച് അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല മത്സരങ്ങളില്‍ പങ്കെടുത്തു. ഗുജറാത്തില്‍ വച്ച് നടന്ന 36 മത് ദേശീയ ഗെയിംസില്‍ കിരീടം ചൂടിയ പുരുഷ ടീമിന് വിജയ് മന്ത്രം പറഞ്ഞു കൊടുക്കുന്നതില്‍ അദ്ദേഹം പരിശീലകരില്‍ ഒരാളായി ടീമിനൊപ്പം ഉണ്ടായിരുന്നു. വിവിധ സംസ്ഥാന ടീമിനെ പരിശീലിപ്പിച്ചതോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വോളിബോളിന്റെ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിത വോളിബോളില്‍ രണ്ടു വര്‍ഷം കിരീടം ചൂടുകയും രണ്ടു വര്‍ഷം രണ്ടാം സ്ഥാനവും രണ്ടു വര്‍ഷം മൂന്നാം സ്ഥാനവും നേടുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ വിലയേറിയ കയ്യൊപ്പ് ഉണ്ടായിരുന്നു. നീണ്ട 14 വര്‍ഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ സേവനമനുഷ്ഠിച്ച കാലഘട്ടത്തില്‍ കോളജിന് നല്‍കിയത് വലിയ നേട്ടങ്ങളുടെ ചരിത്രമാണ്. 12 തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വോളിബോ് കിരീടവും 2 തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ദേശീയ സംസ്ഥാന ടൂര്‍ണമെന്റുകളില്‍ ഏകദേശം 75 ട്രോഫി കോളേജിന് നേടിക്കൊടുത്തതു തുടങ്ങി നേട്ടങ്ങളുടെ കലവറ നീളുന്നു. മാളയിലാണ് സ്ഥിരതാമസം. ഭാര്യ ബിന്ദു. മൂത്തമകള്‍ കീര്‍ത്തി എസ് ബലിഗ ഇംഗ്ലണ്ടിലെ വാറിക് സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യുന്നു. മകന് കിരണ്‍ എസ് സഞ്ജയ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് കഴിഞ്ഞ് ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ വിരമിക്കല്‍ വോളിബോളിന് വലിയ നഷ്ടമാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്ര് ബ്ലസി പറഞ്ഞു.