ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നത്- യുജിസി ചെയര്മാന് ഡോ.എം. ജഗദീഷ്കുമാര്
ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നതെന്ന് യുജിസി ചെയര്മാന് ഡോ.എം. ജഗദീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വജ്ര ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ച് അവരുടെ ഭാവി രൂപകല്പന ചെയ്യാനും അവരുടെ വ്യക്തിത്വവളര്‍ച്ചയ്ക്ക് അനുഗുണമാകുന്ന രീതിയിലുമാണ് പുതിയ ഉന്നതവിദ്യാഭ്യാസനയം രൂപകല്പന ചെയ്തിട്ടുള്ളത്. അറുപതുവര്‍ഷങ്ങള്‍ക്കു മുമ്പ് സെന്റ് ജോസഫ്സ് കോളജ് സ്ഥാപിച്ച വ്യക്തികളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കോളജിന്റെ പ്രവര്‍ത്തനമേഖല വിപുലമായിരിക്കുന്നുവെന്നും ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച കോളജാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശിഷ്ടാതിഥിയായിരുന്നു. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു സൂസന് എന്നിവര്‍ പ്രസംഗിച്ചു.