ദേശീയ ഗണിതദിനാചരണം
കല്ലേറ്റുംകര: ആധുനികഗണിതത്തിന്റെ ഉപജ്ഞാതാവ് എന്ന് ലോകം അംഗീകരിച്ച പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഗണിതകേന്ദ്രം നിര്‍മിക്കണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ദേശീയ ഗണിതദിനത്തോടനുബന്ധിച്ച് മാധവ ഗണിതകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാധവന്റെ ജന്മഗൃഹത്തോടനുബന്ധിച്ചുള്ള ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന് അധ്യക്ഷത വഹിച്ചു. മാധവഗണിതകേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജകനുമായ എ. വിനോദ് മാധവ അനുസ്മരണ പ്രഭാഷണം നടത്തി. എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്കൃത ഗുരുകുലം ഡയറക്ടര്‍ ഡോ. പി. നന്ദകുമാര്‍ പ്രകാശനം ചെയ്തു. രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, ഇ.കെ. വിനോദ് വാര്യര്‍, പി.സി. സുഭാഷ്, ഡോ. വന്ദന എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി ഇരിങ്ങാടപ്പള്ളി മനയിലും ശ്രീകൃഷ്ണക്ഷേത്രത്തില്‍ സംരക്ഷിച്ചുപോരുന്ന മാധവശിലയിലും പുഷ്പാര്‍ച്ചന നടത്തി.