അപകടാവസ്ഥയിലായ ജലസംഭരണി ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കും: വാട്ടര്‍ അഥോറിറ്റി
ഇരിങ്ങാലക്കുട: അപകടഭീഷണി ഉയര്‍ത്തുന്ന മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഉപയോഗശൂന്യമായ ജലസംഭരണി ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കുമെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കാലപ്പഴക്കംവന്ന കുരിശങ്ങാടിയിലുള്ള ഈ ജലസംഭരണി പൊളിച്ചുനീക്കുന്നതിനുള്ള സാങ്കേതിക അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭയുടെ സ്ഥലത്ത് 1948ല്‍ സ്ഥാപിച്ച ഇരുമ്പ് ജലസംഭരണി തൂണുകള്‍ ദ്രവിച്ച് ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. വാട്ടര്‍ അഥോറിറ്റി നിലവില്‍ വരുന്നതിനുമുമ്പ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് വകുപ്പായിരുന്ന സമയത്താണ് ടാങ്ക് സ്ഥാപിച്ചത്. പിന്നീടത് വാട്ടര്‍ അഥോറിറ്റിക്ക് കൈമാറി. ഇതിനടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം ടാങ്കിലേക്ക് എത്തിച്ചായിരുന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ടാങ്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും വാട്ടര്‍ അഥോറിറ്റിക്കും വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് മാസങ്ങള്‍ക്ക് മുമ്പ് നല്കിയ പരാതിയില്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. പൊളിച്ചുനീക്കാനുള്ള സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് ആറുമാസം മുമ്പ് വാട്ടര്‍ അഥോറിറ്റി അറിയിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ജലസംഭരണിയുടെ മോട്ടര്‍ ഷെഡിനു സമീപമാണു മേഖലയിലെ തൊഴിലാളികളുടെ വിശ്രമകേന്ദ്രം. തുരുമ്പെടുത്ത ടാങ്ക് വാഹന യാത്രികര്‍ക്കും അപകടഭീഷണിയാണ്.