കൂടല്‍മാണിക്യം പരിഞ്ഞാറേ നടപ്പുര നവീകരണം വാസ്തുവിദഗ്ധര്‍ പരിശോധിച്ചു
ഇരിങ്ങാലക്കുട: ജീര്ണാവസ്ഥയില് നില്ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടപ്പുര നവീകരണത്തിന് മുന്നോടിയായി വാസ്തുവിദഗ്ധന് നടപ്പുര പരിശോധിച്ചു. പടിഞ്ഞാറേ ഗോപുരം നവീകരണത്തിന് മുന്നോടിയായി വിദഗ്ധ പരിശോധന നടത്തിയ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി തന്നെയാണ് നടപ്പുരയും പരിശോധിച്ചത്. ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് നല്‍കുമെന്നും ജനുവരി ആദ്യവാരം യോഗം ചേര്‍ന്ന് നവീകരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. പടിഞ്ഞാറേ ഗോപുര നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പുര നവീകരണത്തിനും മുന്‍കൈയെടുക്കുന്നത്. രണ്ടുകോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന നവീകരണം 2025ലെ ഉത്സവത്തിന് മുമ്പായി പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക,് പടിഞ്ഞാറ് നടപ്പുരകളുടെ മേല്‍ക്കൂരകള്‍ ജീര്‍ണാവസ്ഥയിലാണ്. നടപ്പുരയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറേ ഗോപുര നവീകരണ കമ്മിറ്റി ഭാരവാഹികളായ നളിന്‍ ബാബു, മനോജ് കല്ലിക്കാട്ട്, ജയശങ്കര്‍ പായ്ക്കാട്ട്, വി.ടി. രാമചന്ദ്രന് നമ്പ്യാര്‍ എന്നിവരും ദേവസ്വം ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.