റെയില്‍വേ സ്റ്റേഷനിലെ കാന്റീനും പൂട്ടി, യാത്രക്കാര്‍ വിശപ്പ് സഹിക്കണം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അടുത്ത കാലത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ഏക കാന്റീനും ഷട്ടറിട്ടു. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്നു ഇത്. നേരത്തെ ഒന്നാം പ്ലാറ്റ്ഫോമില്‍ ഓടുമേഞ്ഞ തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ റെയില്‍വേ, ഹോട്ടല്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അതുപൂട്ടി. പഴയ ഗേറ്റിന് സമീപം ഹോട്ടല്‍ നിര്‍മിക്കണമെന്ന യാത്രക്കാരുടെ ആവശ്യം നിരാകരിച്ചായിരുന്നു തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ ഹോട്ടല്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് ഇതിന് കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ഇപ്പോഴും ഈ കെട്ടിടം യാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും എത്രയുംപെട്ടന്ന് അത് പൊളിച്ചുനീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ്. അവിടെ ഒരു കാന്റീന് തുടങ്ങണമെന്ന് യാത്രക്കാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചത്. അന്ന് ഓണത്തിനുമുമ്പ് രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന് സ്ഥാപിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള ടെന്‍ഡര്‍ വിളിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഒമ്പത് മാസമായിട്ടും അതിന്റെ നടപടിക്രമങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ ടെന്‍ഡര്‍ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന കാന്റീന് പൂട്ടിയതെന്ന് റെയില്‍വേ വ്യക്തമാക്കി. വീണ്ടും കാന്റീന് പ്രവര്‍ത്തിക്കാന്‍ ടെന്‍ഡര്‍ വിളിച്ചുനല്കണം. ഈ മാസംതന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. നിലവിലുള്ള കാന്റീന് യാത്രക്കാര്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുകാലമായി പേരിനുമാത്രമാണ് കാന്റീന് തുറന്നിരുന്നതെന്നും ഒരു കുപ്പി കുടിവെള്ളംപോലും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.