മുന്‍ എംപിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ പ്രഫ. സി. രവീന്ദ്രനാഥ്

ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ.സി. രവീന്ദ്രനാഥ് ഇന്നസെന്റിന്റെ വീട്ടിലെത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: ചാലക്കുടിയുടെ മുന്‍ എംപിയും നടനുമായിരുന്ന ഇന്നസെന്റിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ചാലക്കുടി ലോക്സഭാ ഇടതുസ്ഥാനാര്‍ഥി പ്രഫ.സി. രവീന്ദ്രനാഥ്. ഇരിങ്ങാലക്കുടയിലെ വസതിയില്‍ എത്തിയ സ്ഥാനാര്‍ഥിയെ ഇന്നസെന്റിന്റെ മകന് സോണറ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുടുംബ വിശേഷങ്ങളും ഇന്നസെന്റിന്റെ പേരക്കുട്ടികളുടെ വിദ്യാഭ്യാസ വിവരങ്ങളും ചോദിച്ചറിഞ്ഞാണ് സ്ഥാനാര്‍ഥി ഇറങ്ങിയത്. ചാലക്കുടിയില്‍ ഇത്തവണ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും രവീന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോനപ്പന് നമ്പാടന്, ഇന്നസെന്റ് എന്നിവരുടെ വിജയങ്ങള്‍ മണ്ഡലത്തിന്റെ ഇടതുപക്ഷ മനസിന്റെ സൂചനയാണ്. കാലടി സര്‍വകലാശാലയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മണ്ഡലത്തില്‍ വൈജ്ഞാനിക സമൂഹത്തിന്റെ സാധ്യതകള്‍ എറെയാണ്. ഓരോ മണ്ഡലത്തിനുവേണ്ടിയും മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്നും താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.