വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കല്‍ പദ്ധതി തുടങ്ങി
ആദ്യഘട്ടമായി 6.083 ലക്ഷം കാരച്ചെമ്മീന് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്
കോണത്തുക്കുന്ന്: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്ന പദ്ധതി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി. കനോലി കനാലിന്റെ ഭാഗമായ വള്ളിവട്ടം കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച മേല്‍ത്തരം കാരച്ചെമ്മീന് കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്. 12.5 ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി 6.083 ലക്ഷം കാരച്ചെമ്മീന് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്നാ റിജാസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു ബാബു, സുജനാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.ബി. ബിനോയ്, ചാലക്കുടി ഫിഷറീസ് എക്സ്റ്റെന്ഷന് ഓഫീസര്‍ എം.എം. ജിബിന, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ നിസരിയ, പ്രൊമോട്ടര്‍ വിദ്യ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.