വിവാഹ വാഗ്ദാനം നല്കി യുവതിക്കു പീഡനം; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കല്‍ വീട്ടില്‍ സിറിളിനെ (25) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള കാലത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വര്‍ഷം മുന്‍പ് ജോലിസ്ഥലത്തു വച്ചാണ് യുവതിയെ ഇയാള്‍ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് അടുത്തു കൂടിയ പ്രതി കുട്ടി പിറന്നതോടെ യുവതിയില്‍ നിന്ന് അകലുകയായിരുന്നു. ഇതിനിടെ ഇയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതായും പരാതിയുണ്ട്. പോലിസ് ഹരിജന പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തതോടെ സിറില്‍ ഒളിവില്‍ പോയി.
കുറച്ചു ദിവസങ്ങളായി ഇയാളുടെ സുഹൃത്തുക്കളെയടക്കം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ തൊടുപുഴയില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ഭയന്ന് മുങ്ങി നടന്നിരുന്ന ഇയാള്‍ കുറച്ചു കാലമായി വീടുമായി ബന്ധമില്ലാതെ തൊടുപുഴയില്‍ പെയിന്റിംഗ് തൊഴിലാളിയായി താമസിക്കുകയായിരുന്നു. ഇരിങ്ങാലക്കുട എസ്ഐ എം. അജാസുദ്ദീന്, എം. സുമല്‍, സീനിയര്‍ സിപിഒമാരായ കെ.കെ. പ്രസാദ്, ഇ.എസ്. ജീവന്, സിപിഒമാരായ കെ.എസ്. ഉമേഷ്, മുരളികൃഷ്ണ തൊടുപുഴ ക്രൈം സ്ക്വാഡ് എസ്ഐ ടി.എം. ഷംസുദ്ദീന്, സീനിയര്‍ സിപിഒ മാഹിന്‍ ബഷീര്‍ എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.