കളഞ്ഞുകിട്ടിയ വളകള്‍ ഉടമയ്ക്ക് നല്കി വഴിയാത്രികന്

വളകള്‍ അടങ്ങിയ പഴ്സ് ഹര്ഷന് രജിതയ്ക്ക് കൈമാറുന്നു.
പുല്ലൂര്‍: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ വളകള്‍ ഉടമയ്ക്ക് തിരികെ നല്കി വഴിയാത്രികന് മാതൃകയായി. സഹകരണ ബാങ്കില്‍ പണയം വച്ച സ്വര്‍ണ വളകള്‍ തിരിച്ചെടുത്ത് മടങ്ങുന്നതിനിടയിലാണ് പുല്ലൂര്‍ ഊരകം സ്വദേശി മനയ്ക്കല്‍ രജിതയുടെ കൈയില്‍ നിന്നും ആഭരണങ്ങള്‍ അടങ്ങിയ പഴ്സ് നഷ്ടമായത്. ഇരിങ്ങാലക്കുടയിലേക്ക് ബസില്‍ കയറിയ ശേഷമാണ് പഴ്സ് നഷ്ടമായെന്നു മനസിലായത്. ആഭരണങ്ങള്‍ തിരഞ്ഞ് ബാങ്കിലേക്ക് പോയി. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചെങ്കിലും പഴ്സ് നഷ്ടമായത് എവിടെ വച്ചാണെന്നു മനസിലായില്ല. വീട്ടിലേക്ക് മടങ്ങിയ രജിതയെ അല്പനേരം കഴിഞ്ഞ് ബാങ്ക് അധികൃതര്‍ വിളിച്ചു. വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ പഴ്സുമായി കടുപ്പശേരി സ്വദേശി മണപ്പറമ്പില്‍ ഹര്ഷന് ഈ സമയത്ത് ബാങ്കില്‍ എത്തിയിരുന്നു. പഴ്സ് ഉണ്ടായിരുന്ന പുല്ലൂര്‍ ബാങ്കിന്റെ രസീത് കണ്ടതോടെയാണ് പഴ്സ് ബാങ്കില്‍ ഏല്പിച്ചത്. ജീവനക്കാരുടെ സാന്നിധ്യത്തില്‍ വളകള്‍ അടങ്ങിയ പഴ്സ് ഹര്ഷന് തന്നെ രജിതയ്ക്ക് കൈമാറി.