കലാസംരക്ഷണത്തില് ഒരു അമൂല്യസംഭാവനയാണ് വേണുജി നല്‍കിയിരിക്കുന്നത്- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കേരളിയ നൃത്യനാട്യകലകളിലെ കൈമുദ്രകള്‍ രേഖപ്പെടുത്തുന്നതിന് സ്വന്തമായി ഒരു ആലേഖനസമ്പ്രദായം ആവിഷ്ക്കരിച്ച് കഴിഞ്ഞ 59 വര്‍ഷങ്ങളിലെ കഠിന പ്രയത്നത്തില്‍ 1341 മുദ്രകളുടെ ഒരു ബൃഹത് സമാഹാരം പ്രസിദ്ധീകരിച്ചതിലൂടെ കലാസംരക്ഷണത്തില് ഒരു അമൂല്യസംഭാവനയാണ് വേണുജി നല്‍കിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട നടനകൈരളിയില്‍ മുദ്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈയിടെ കേരള കലാമണ്ഡലത്തിന്റെ അത്യുന്നത പുരസ്ക്കാരം മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും വേണുജിക്ക് ലഭ്യമായതും ഇന്ത്യയുടെ രാഷ്ട്രപതിയില്‍ നിന്നും കേന്ദ്രസംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടിയതുമൊക്കെ അങ്ങേയറ്റം ശ്ലാഘനീയമാണ് മന്ത്രി കൂട്ടിചേര്‍ത്തു. ജോര്‍ജ്ജ് എസ്. പോള്‍ അധ്യക്ഷത വഹിച്ചു. അനിയന് മംഗലശേരി, ഡോ. സഞ്ജീവന് അഴിക്കോട്, രേണു രാമനാഥന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തമിഴ് ജനതയുടെ കാവാലാള്‍ എന്നു വിശേഷിപ്പിക്കുന്ന മദുരൈവീരന്റെ സാഹസിക കഥ കപില വേണു നങ്ങ്യാര്‍കൂത്തിലൂടെ അവതരിപ്പിച്ചത് തമിഴ് നാടോടിക്കഥയ്ക്ക് കൂടിയാട്ടത്തിലെ സൂക്ഷ്മാഭിനയം അങ്ങേയറ്റം അനുയോജ്യമാണെന്ന് തെളിയിക്കുന്ന പരീക്ഷണമായിരുന്നു.