മൂര്ക്കനാട് ക്ഷേത്രത്തിലെ ഉല്സവത്തിനിടെ ഒരാള് കുത്തേറ്റ് മരിച്ച സംഭവം; പ്രതികള് പിടിയില്
മൂര്ക്കനാട്: മൂര്ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ ഉണ്ടായ സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ട സംഭവത്തില് അഞ്ചു പേര് പിടിയില്. വെള്ളാങ്കല്ലൂര് വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി കുന്നത്താന് വീട്ടില് മെജോ (32), ഊരകം വില്ലേജ് കരുവന്നൂര് ചെറിയപാലം സ്വദേശി പൂക്കോട്ടില് അതുല് കൃഷ്ണ എന്ന അപ്പു (23), പാറക്കുളം വില്ലേജ് അമ്മാടം പാര്പ്പക്കടവ് പുത്തന്പുരയ്ക്കല് അക്ഷയ് (21), കാറളം വില്ലേജ് വെള്ളാനി സ്വദേശി പാടേക്കാരന് ഫാസില് (23), കാറളം കിഴുത്താണി മനപ്പടി ചീരോത്ത് ജിഷ്ണു എന്ന വാവ (26 എന്നിവരാണ് പിടിയിലായത്. പ്രായപൂര്ത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരില് ഉള്പ്പെടുന്നു. തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്മ ഐപിഎസിന്റെ നിര്ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന് കുട്ടിയുടെ നേതൃത്വത്തില് ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്ന്നാണ് പ്രതികളെ പിടികൂടിയത്. വെളുത്തൂര് സ്വദേശി അക്ഷയ് (21) ആണ് കൊല്ലപ്പെട്ടത്. രണ്ടുമാസം മുന്പ് മൂര്ക്കനാട് വെച്ച് നടന്ന ഫുട്ബോള് ടൂര്ണമെന്റിനിടെ ഉണ്ടായ തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റു പ്രതികള്ക്കായി അന്വേഷണം ഊര്ജിതമാക്കി.
രണ്ടുപേരുടെ നില അതീവ ഗുരുതരം.
ഇരിങ്ങാലക്കുട: കുത്തേറ്റവരില് രണ്ടു പേരുടെ നില ഗുരുതരം. ആനന്ദപുരം പൊന്നയത്ത് വീട്ടില് സന്തോഷ് (40), മൂര്ക്കനാട് പൊറക്കാട്ടുകുന്ന് കരിക്കാപറമ്പില് വീട്ടില് പ്രജിത്ത് (25) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. സന്തോഷ് കറുകുറ്റി അപ്പോളെ ആശുപത്രിയിലും പ്രജിത്ത് തൃശൂര് എലൈറ്റ് ആശുപത്രിയിലും ചികില്സയിലാണ്. കൊടകര മഞ്ചേരി വീട്ടില് മനോജ് (35), തൊട്ടിപ്പാള് മണ്ണൂര് വീട്ടില് നിഖില് (34), ആനന്ദപുരം സ്വദേശി കൊല്ലംപറമ്പില് സഹല് (24), മൂര്ക്കനാട് കോമരത്തുവീട്ടില് സുജിത്ത് (28), നന്തിക്കര നമ്പോലന് വീട്ടില് അഭിലാഷ് (38) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്. കുുത്തേറ്റ് മരിച്ച് അക്ഷയുടെ മൃതദേഹം പോസ്റ്റുമാര്ട്ടത്തിനു ശേഷം സംസ്കാരം നടത്തി.
കൊലപാതകത്തില് നടുങ്ങി മൂര്ക്കനാട്; അന്വേഷണം ഊര്ജിതം, കൂടുതല് അറസ്റ്റ് ഇന്നുണ്ടാകും
ഇരിങ്ങാലക്കുട; സംഭവത്തില് പോലീസ് അനേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. മൂര്ക്കനാട്, കരുവന്നൂര്, കാറളം മേഖലകളില് രാത്രിയിലും പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സമീപ സ്റ്റേഷനുകളിലെ പോലീസ് ഓഫീസര്മാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യം സംഭവത്തില് ഉള്ളതായാണ് പോലീസ് വിലയിരുത്തല്. മുമ്പ് നടന്ന ഫുട്ബോള് ടൂര്ണമെന്റിന്റെ സംഘാടകരെയും പോലീസ് ചോദ്യം ചെയ്യുവാനാണ് സാധ്യത. അറസ്റ്റിലായവരില് നിന്നും സംഭവത്തില് പങ്കാളികളായ മറ്റുള്ളവരെ കുറിച്ചും വിവരങ്ങള് പോലീസ് തേടുന്നുണ്ട്.
പരിക്കേറ്റ് ആശുപത്രിയില് കഴിയുന്നവരില് നിന്ന് പോലീസ് മെഴി എടുത്തു. ഇവരില് നിന്ന് ശേഖരിച്ച വിവരങ്ങള് പ്രകാരം സംഭവത്തില് പ്രതികളായവരെ കുറിച്ച് പോലീസിന് വിവരങ്ങള് ലഭിച്ചിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെയും കുത്തേറ്റ് ആശുപത്രിയില് കഴിയുന്നവരുടെയും ഫോണുകള് കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കൂടുതല് പ്രതികളെ കണ്ടെത്തുവാനാണ് പോലീസ് ശ്രമം. സൈബര് സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചു. മുഴുവന് പ്രതികളും ഉടന് പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. പ്രതികള് കൊലപാതകം നടത്തുന്നതന വേണ്ടി ആയുധങ്ങള് കരുതിയിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രധാന പ്രതികളില് ഇപ്പോഴും ഒളിവിലാണ്. ഒട്ടേറെ കേസുകളില് പ്രതികളാണിവര്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്സിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തിചേര്ന്നിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള് പോലീസ് ശേഖരിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട കനാല് ബേയ്സില് വിജയന് കൊലപാതക കേസുകളിലും പ്രതികളായവരും ഈ കേസില് ഉള്പ്പെട്ടീട്ടുണ്ട്.