വയോധികനെ ചവിട്ടി താഴെയിട്ട ബസ് കണ്ടക്ടര്‍ അറസ്റ്റില്‍; വയോധികന് ചികില്‍സയില്‍
ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ട ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടോടെ കരുവന്നൂര്‍ പുത്തന്‍തോട് വച്ചാണ് സംഭവം. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്ര(68) നാണു പരിക്കേറ്റത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയ്ക്ക് ആറ് തുന്നലുണ്ടെന്നും കഴുത്തിന്റെ എല്ലുപൊട്ടിയതായും ആശുപത്രിയധികൃതര്‍ പറഞ്ഞു. തൃശൂര്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന പേരിലുള്ള സ്വകാര്യ ബസില്‍ യാത്രനിരക്ക് ചില്ലറ നല്കാത്തിനെത്തുടര്ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കരുവന്നുര്‍ ബംഗ്ലാവ് സ്റ്റോപ്പിനു സമീപത്തെ കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി ബില്‍ അടക്കുവാന്‍ പോയതാണ് പവിത്രന്. ബസില്‍ ചില്ലറനല്കിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. കരുവന്നൂര്‍ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രന് ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസില്‍ വൈദ്യുതിബില്‍ അടയ്ക്കാന്‍ പോകുകയായിരുന്നു. ആദ്യം 10 രൂപ നല്‍കിയെങ്കിലും 13 രൂപയാണ് ബസ് ചാര്‍ജെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ അഞ്ഞൂറ് രൂപ നല്കി. തിരിച്ച് 480 രൂപയാണ് കണ്ടക്ടര്‍ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തന്‍തോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച പവിത്രനെ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടി. ബസില്‍ നിന്നും വീണ വയോധികന് ഇലക്ട്രിക് പോസ്റ്റിനു സമീപത്തെ കരിങ്കല്‍ കുറ്റില്‍ തലയടിക്കുകയായിരുന്നു. നിലത്തു വീണ പവിത്രനെ വീണ്ടും കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്പൈനല്‍കോഡിനു പെട്ടലുള്ളതിനാല് ഓപ്പറേഷന് വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദൃരോഗവും മറ്റു രോഗങ്ങളും ള്ളതിനാല്‍ ഓപ്പറേഷന് എന്നു നടത്തണമെന്ന കാര്യം നിശ്ചയമായിട്ടീല്ല. പവിത്രന് ഡ്രൈവര്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന തുഛമായ വരുമാനം ഏറെ സാമ്പത്തിക ബാധ്യതയുള്ള ഈ കുടുംബത്തിന് ആറെ ആശ്വാസമായിരുന്നു. ഓപ്പറേഷനും ചികില്‍സക്കുമായി ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് പവിത്രന്റെ ബന്ധുക്കള്‍ പറഞ്ഞു.