എടിഎമ്മില്‍ വന്‍ കവര്‍ച്ച; 35 ലക്ഷത്തോളം രൂപ കവര്‍ന്നതായി സൂചന
മോഷണ സംഘം എത്തിയത് പുലര്‍ച്ചയോടെ കാറില്‍;
അന്തര്‍ സംസ്ഥാന സംഘമെന്ന് പോലീസ്
ഇരിങ്ങാലക്കുട: മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. 35 ലക്ഷത്തോളം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. പുലര്‍ച്ചെ 20.10 ന് കാറില്‍ എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. വെള്ള നിറത്തിലുള്ള കാറിലാണ് സംഘം എത്തിയത്. മോഷ്ടാക്കള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചതോടെ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തുകയായിരുന്നു.
ബാങ്കിന്റെ ഡല്‍ഹി ഓഫീസില്‍ നിന്നും തൃശൂര്‍ റൂറല്‍ പോലീസിനു സന്ദേശം കൈമാറി. ഈ സമയം തന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട പോലീസിലും വിവരമറിയിച്ചു. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. ഗ്യാസ് കട്ടറിന് സമാനമായ ഉപകരണം കൊണ്ടാണ് എടിഎം മെഷീന് തകര്‍ത്തിരിക്കുന്നത് എന്നാണ് സൂചന.
സംഘത്തില്‍ ആറു പേര് ഉണ്ടെന്നാണ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബാങ്കിന്റെ കീഴിലുള്ള നോഡല്‍ ഏജന്‍സിക്കാണ് എടിഎം നടത്തിപ്പിന്റെ ചുമതല. വെള്ള നിറത്തിലുള്ള തോര്‍ത്ത് കൊണ്ടും മറ്റും മുഖം മറിച്ചിട്ടാണ് മോഷ്ടാക്കള്‍ എത്തിയിട്ടുള്ളത്. സമീപത്തെ സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കള്‍ സ്പ്രേ ചെയ്തിട്ടുണ്ട്.
സമീപത്തെ അമ്മൂസ് ഹോട്ടലിന്റെ സിസിടിവി കാമറയും സംഘം നശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ശ്രദ്ധയില്‍പെടാതിരുന്ന ഒരു കാമറയിലാണ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുള്ളത്. എടിഎമ്മിന്റെ പണം നിറക്കുന്ന ട്രേകള്‍ അടക്കം കട്ട് ചെയ്താണ് സംഘം കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഈ എടിഎം കൗണ്ടറില്‍ പണം നിക്ഷേപിച്ചത്.
മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് റൂറല്‍ എസ്പി നവനീത് ശര്മ്മയുടെയുടെയും സിഐ അനീഷ് കരീമിന്റെയും നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇത്തരം മോഷണങ്ങളില്‍ മുന്‍പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. എടിഎം കൗണ്ടറിന്റെ ലോക്കു ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കൃത്യമായും വേഗത്തിലും കട്ട് ചെയ്താണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.
കവര്‍ച്ച നടക്കുമ്പോള്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുമെന്നറിയുന്നതിനാല് പെട്ടന്ന് മോഷണം നടത്തി കവര്‍ച്ചാ സംഘം കടന്നു കളയുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ കോലഴിയിലും ഷൊര്‍ണൂര്‍ റോഡിലും ോഷണം നടന്നിരുന്നുവെങ്കിലും ആദ്യം നടന്നതും കൂടുതല്‍ പണം കവര്‍ന്നതും മാപ്രാണത്തെ എടിഎം കൗണ്ടറില്‍ നിന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ കടകളില്‍ മോഷണം നടന്നിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
സെക്യൂരിറ്റി ജീവനക്കാരനില്ലാത്ത ഒരു എടിഎം കൗണ്ടറാണിത്. ഇന്നലെ ഉച്ചയോടെ തൃശൂര്‍ റൂറല്‍ പോലീസ് ഓഫീസിലെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇരിങ്ങാലക്കുട റൂറല്‍ ഡോഗ് സ്ക്വാഡിലെ സ്റ്റെല്ല എന്ന ഡോഗ് ആണ് പരിശോധനക്ക് എത്തിയത്. ശാസത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിദഗ്ദരായ ജാസ്മിന് മരിയ, ദേവിക എന്നിവരും വിരലടയാള വിദഗ്ദരായ ജോണ്‍സി ജോസഫ്, കെ.വി ജില്‍ഷ എന്നിവരുമാണ് എത്തിയത്.