മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡില്‍ പുഴയരികില്‍ കയറുകെട്ടി മുന്നറിയിപ്പ്

കട്ട വിരിച്ച് ഉയര്‍ത്തിയ കരുവന്നൂര്‍ പുഴയോടുചേര്‍ന്നുള്ള ഭാഗത്ത് കയറുകെട്ടി മുന്നറിയിപ്പ് ഒരുക്കിയപ്പോള്‍
കരുവന്നൂര്‍: മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡില്‍ കട്ടവിരിച്ച് ഉയര്‍ത്തിയ, കരുവന്നൂര്‍ പുഴയോടു ചേര്‍ന്നുള്ള ഭാഗത്ത് ജലസേചനവകുപ്പ് യാത്രക്കാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാനായി കയറുകെട്ടി. റോഡില്‍ പൈങ്കിളിപ്പാടം മുതല്‍ ആറാട്ടുകടവുവരെയുള്ള ഭാഗത്താണ് മെറ്റലിട്ട് അതിന്റെ മുകളിലായി ടൈല്‍ വിരിച്ചിരിക്കുന്നത്. ഇതുമൂലം റോഡ് വളരെ ഉയര്‍ന്നു. പൈങ്കിളിപ്പാടവും പുഴയുടെ ഭാഗവും താഴ്ന്ന നിലയിലാണ്.
ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ പുഴയുടെ ഭാഗത്തേ ക്കിറങ്ങി അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ന്നാണ് താത്കാലികമായി പൈപ്പുകള്‍ സ്ഥാപിച്ച് കയറുകെട്ടി മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കുന്നത്. താത്കാലിക സംവിധാനമല്ല വേണ്ടതെന്നും പുഴയോരത്ത് സംരക്ഷണഭിത്തി കെട്ടി അപകടഭീഷണി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കാറളം, കാട്ടൂര്‍ ഭാഗങ്ങളില്നി ന്ന് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്കുള്ള എളുപ്പ വഴികൂടിയാണ് ഈ റോഡ്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം കടന്നുപോകുന്ന റോഡാണിത്. ഈ റോഡിനാവശ്യമായ പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ സ്ഥലം എംഎല്‍എ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് മൂര്‍ക്കനാട് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പില്‍ അധ്യക്ഷനായി. കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എം. ധര്മരാജന്, കെ.ബി. ശ്രീധരന്, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.