അപ്രതീക്ഷിത മഴ; നെല്പാടങ്ങളില് വെള്ളം കയറി
മൂര്‍ക്കനാട് പൈങ്കിളിപ്പാടത്തെ 85 ഏക്കര്‍ കൃഷി വെള്ളത്തില്‍
ഇരിങ്ങാലക്കുട: അപ്രതീക്ഷിത മഴയില്‍ കരുവന്നൂര്‍ മൂര്‍ക്കനാട് പ്രദേശത്തെ കര്‍ഷകരുടെ നെല്‍ക്കൃഷി വെള്ളത്തിലായി. പൊറത്തിശേരി കൃഷി ഭവന് കീഴില്‍ വരുന്ന മൂര്ക്കനാടി പൈങ്കിളി പാടത്തെ കര്‍ഷകരുടെ 85 ഏക്കര്‍ കൃഷിയും സമീപത്തെ മറ്റ് കോള്‍പ്പാടങ്ങളിലെ നൂറ് കണക്കിന് ഏക്കര്‍ കൃഷിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ വെള്ളത്തിലായത്. കരുവന്നൂര്‍ പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതും കൃഷി നശിക്കാന്‍ ഇടയാക്കി. പാടത്ത് നിന്നും പുഴയിലേയ്ക്ക് വെള്ളം അടിച്ച് കളയാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവില്‍. കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്റര്‍ ഷട്ടറുകള്‍ സമയബന്ധിതമായി തുറക്കാത്തത് പുഴയില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ കാരണമാകുന്നതായി കര്‍ഷകര്‍ ആരോപിച്ചു. കാലപഴക്കം മൂലം ദ്രവിച്ച ഷട്ടറുകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയാണ് നിലവില്‍ ഇല്ലിക്കല്‍ റെഗുലേറ്ററിലുള്ളത്. മുരിയാട് കായല്‍ പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയും ഇത് മൂലം വെള്ളം കയറിയ അവസ്ഥയിലാണ്.
പോത്താനി കിഴക്കേ പാടത്തെ 100 ഏക്കര്‍ വെള്ളത്തില്‍
പടിയൂര്‍: പോത്താനി കിഴക്കേ പാടത്തെ 150 ല്‍ 100 ഏക്കറോളമാണ് ഇത്തവണ നെല്‍കൃഷി ഇറക്കിയത്. മഴയില്‍ ഇവയെല്ലാം മുങ്ങി. 70 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. ചുറ്റുമുള്ള ഉയര്ന്നപ്രദേശങ്ങളില്നിന്നുള്ള വെള്ളം എത്തുന്നത് ഈ പാടത്തേക്കാണ്. ഷണ്മുഖം കനാലിലേക്ക് പോകേണ്ട വെള്ളം പോലും തിരിച്ചുവിട്ടിരിക്കുന്നത് ഈ പാടത്തേക്കാണ്.
പടിയൂര്‍ തെക്കോര്‍ത്ത് ദേവസ്വം കോള്‍പ്പാടം വെള്ളത്തില്‍
പടിയൂര്‍: തെക്കോര്‍ത്ത് ദേവസ്വം കോള്‍പ്പടവില്‍ 35 ഏക്കറില്‍ നട്ട ഞാറ് വെള്ളത്തിലായി. നട്ടിട്ട് ഏഴ് എട്ട് ദിവസം പ്രായമായ ഞാറുകളാണ് മഴയില്‍ മുങ്ങിപ്പോയത്. പാടത്ത് മുക്കാല്‍ മീറ്ററോളം വെള്ളത്തിലാണ് ഇപ്പോള്‍ ഞാറ് നില്‍ക്കുന്നത്. മഴ പെയ്ത് പാടത്ത് വെള്ളം കൂടിയതിന് പുറമേ ബണ്ടും കവിഞ്ഞൊഴുകി. കോള്‍പ്പാടം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി, കൃഷി ഓഫീസര്‍ റുബീന, പഞ്ചായത്തംഗം വിപിന്‍, പൂമംഗലം പടിയൂര്‍ കോള്‍ കര്‍ഷക സംഘം സെക്രട്ടറി മണി, കൃഷി അസിസ്റ്റന്റ് സുകന്യ, മായ തോമസ്, പാടശേഖരസമിതി പ്രസിഡന്റ് കെ.എസ്. സരസന്, കെ.എസ്. സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.