ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വെല്ലൂര്‍ ഓക്സിലിയം കോളജ് വിദ്യാര്‍ഥികളുടെ ക്യാമ്പസ് സന്ദര്‍ശനം
ഇരിങ്ങാലക്കുട: സേവിയര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യ നടത്തി വരുന്ന അക്കാദമിക് സഹകരണ പദ്ധതിയായ സ്റ്റുഡന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്നാട്ടിലെ വെല്ലൂര്‍ ഓക്സിലിയം കോളജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളും അധ്യാപകരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സന്ദര്‍ശിച്ചു. 45 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന സന്ദര്‍ശന സംഘം രണ്ട് ദിവസം ഇരിങ്ങാലക്കുടയില്‍ താമസിച്ചു.
ക്രൈസ്റ്റ് അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പസ് ടൂര്‍ വെല്ലൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. കോളജിലെ ശാസ്ത്ര, ചരിത്ര വിഭാഗങ്ങളുടെ മ്യൂസിയങ്ങള്‍, അക്വാപോണിക്സ് പദ്ധതി, പേപ്പര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവ ബിബിഎ വിദ്യാര്‍ഥികള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് കല്ലേറ്റുംകരയിലെ പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യവസായ സ്ഥാപനവും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
ഇരുസ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ മികച്ച പ്രവര്‍ത്തന മേഖലകളും നേട്ടങ്ങളും പങ്കുവച്ചു. തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി വെള്ളച്ചാട്ടം, കഴിമ്പ്രം ബീച്ച് എന്നിവ സന്ദര്‍ശിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. വിവേകാനന്ദന്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രഫസര്‍ ബേബി ജോണ്‍, മലയാളം വിഭാഗം മേധാവി ഫാ. ടെജി കെ. തോമസ് എന്നിവര്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന് നേതൃത്വം നല്കി.